ബംഗളൂരു: നഗരത്തില്‍ വൈദ്യുതി ബസ് സര്‍വിസിന് ബി.എം.ടി.സിയും ടാറ്റാ മോട്ടോഴ്സും കരാറിലെത്തി. ഇതനുസരിച്ച് ആകെ 921 വൈദ്യുതി ബസുകള്‍ നിരത്തിലിറക്കും. ടാറ്റാ മോട്ടോഴ്സിന്റെ ഉപകമ്പനിയായ ടി.എം.സി. സ്മാര്‍ട്ട് സിറ്റി മൊബിലിറ്റി സൊലൂഷന്‍സ് ലിമിറ്റഡാണ് ബസുകള്‍ എത്തിക്കുന്നത്.
വാടകയടിസ്ഥാനത്തിലാണ് ഇവ സര്‍വിസ് നടത്തുക. ബസിന്റെ പരിപാലനം ഉള്‍പ്പെടെയുള്ള ചുമതലകള്‍ 12 വര്‍ഷത്തേക്ക് കമ്പനിക്കായിരിക്കും. പഴയ ഡീസല്‍ ബസുകള്‍ പിന്‍വലിച്ച് പകരം വൈദ്യുതി ബസുകള്‍ നിരത്തിലിറക്കുമെന്ന് നേരത്തേ ബി.എം.ടി.സി. പ്രഖ്യാപിച്ചിരുന്നു.
ആദ്യഘട്ടത്തില്‍ വൈദ്യുതി ബസുകള്‍ വാങ്ങാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്നാണ് ഇത്തരം ബസുകള്‍ വാടകക്ക് എടുക്കാമെന്ന തീരുമാനത്തിലെത്തിയത്. നിലവില്‍ വാടകയടിസ്ഥാനത്തില്‍ സര്‍വിസ് നടത്തുന്ന വൈദ്യുതി ബസുകള്‍ ഡീസല്‍ ബസുകളേക്കാള്‍ ലാഭകരമാണെന്നാണ് ബി.എം.ടി.സിയുടെ വിലയിരുത്തല്‍. മലിനീകരണമില്ലെന്ന നേട്ടവുമുണ്ട്.
വിമാനത്താവളത്തിലേക്കും നഗരത്തിലെ ജനത്തിരക്കേറിയ പ്രദേശങ്ങളിലേക്കുമായിരിക്കും പുതുതായി ഇറക്കുന്ന ബസുകള്‍ സര്‍വിസ് നടത്തുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. റൂട്ടുകള്‍ സംബന്ധിച്ച് ബസുകള്‍ ലഭ്യമാകുന്നതിനനുസരിച്ച് തീരുമാനമെടുക്കും.
12 മീറ്ററുള്ള ബസുകളായിരിക്കും സര്വിസിനെത്തിക്കുകയെന്നാണ് വിവരം.നിലവില്‍ 100ഓളം വൈദ്യുതി ബസുകള്‍ നഗരത്തില്‍ സര്‍വിസ് നടത്തുന്നുണ്ട്. അശോക് ലൈലൻഡിന്റെ ഉപകമ്പനിയായ സ്വിച്ച് മൊബിലിറ്റിയാണ് ഈ ബസുകള്‍ വാടകക്ക് ലഭ്യമാക്കുന്നത്.
ഒരു കിലോമീറ്ററിന് 48.9 രൂപയാണ് ബി.എം.ടി.സി. വാടകയിനത്തില്‍ ഇവക്ക് നല്‍കുന്നത്. സമാനമായ വാടകയാണ് ടി.എം.സി. സ്മാര്‍ട്ട് സിറ്റി മൊബിലിറ്റി സൊലൂഷന്‍സിനും നല്‍കുക. എന്നാല്‍ ഇതുസംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ ബി.എം.ടി.സി. പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.