ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർക്ക് ഭീഷണി സന്ദേശം ലഭിച്ചു. 25 ലക്ഷം യു.എസ് ഡോളർ നൽകിയില്ലെങ്കിൽ സംസ്ഥാനത്ത് പലയിടങ്ങളിലും സ്ഫോടനം നടത്തുമെന്നാണ് ഇ-മെയിൽ സന്ദേശം ലഭിച്ചത്.
മാർച്ച് ഒന്നിന് ബംഗളൂരു വൈറ്റ് ഫീൽഡ് ബ്രൂക്ക് ഫീൽഡിലെ രാമേശ്വരം കഫേയിൽ സ്ഫോടനം നടന്നതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും ഭീഷണിസന്ദേശം ലഭിച്ചത്. മൂന്നു ദിവസം മുമ്പാണ് ഇ-മെയിൽ ലഭിച്ചതെന്നും ഇത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറിയതായും ഉപമുഖ്യമന്ത്രി ശിവകുമാർ ചൊവ്വാഴ്ച ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഷാഹിദ് ഖാൻ10786 എന്ന പേരിൽനിന്നാണ് മെയിൽ വന്നതെന്ന് ശിവകുമാർ പറഞ്ഞു.
‘ഒന്നാമത്തെ മുന്നറിയിപ്പ് ഇതാണ്: നിങ്ങൾ ഞങ്ങളുടെ ട്രെയിലർ കണ്ടുകഴിഞ്ഞു. 25 ലക്ഷം യു.എസ് ഡോളർ നൽകിയില്ലെങ്കൽ ബസുകളിലും ട്രെയിനുകളിലും ടാക്സികളിലും ക്ഷേത്രങ്ങളിലും ഹോട്ടലുകളിലും പൊതുയിടങ്ങളിലുമടക്കം കർണാടകയിൽ വ്യാപക സ്ഫോടനങ്ങൾ നടത്തും.
രണ്ടാമത്തെ മുന്നറിയിപ്പ്: ഒരു ട്രെയിലർ കൂടി കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അംബാരി ഉത്സവ് ബസിൽ ഞങ്ങൾ അടുത്ത സ്ഫോടനം നടത്തും. ബസിലെ സ്ഫോടനത്തിനുശേഷം ഞങ്ങളുടെ ആവശ്യങ്ങൾ സമൂഹ മാധ്യമത്തിലൂടെ ഉന്നയിക്കും.
അടുത്ത സ്ഫോടനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തും’- ഭീഷണിക്കത്തിൽ പറയുന്നു. അത് വ്യാജ ഭീഷണിയാണോ ബ്ലാക്ക്മെയിലാണോ എന്നൊന്നും അറിയില്ലെന്നും സന്ദേശം പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ടെന്നും അന്വേഷണം അവരുടെ ചുമതലയാണെന്നും ശിവകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.