ബംഗളൂരു: ദാരിദ്രരേഖക്ക് താഴെയുള്ളവർക്കായുള്ള റേഷൻ കാർഡുകൾ സംസ്ഥാനത്ത് നിരവധി സർക്കാർ ഉദ്യോഗസ്ഥരും ആഡംബര കാർ ഉടമകളും കൈവശപ്പെടുത്തിയതായി കണ്ടെത്തൽ. അനധികൃതമായി ബി.പി.എൽ റേഷൻ കാർഡുകൾ കൈവശംവെക്കുന്നവരെ കണ്ടെത്താനായി കഴിഞ്ഞ രണ്ടുവർഷമായി നടത്തിയ സംസ്ഥാന വ്യാപക പരിശോധനയിലാണിത് കണ്ടെത്തിയത്.
പരിശോധനയിൽ ഇതുവരെ 13 കോടി രൂപയാണ് ഇത്തരക്കാരിൽനിന്ന് പിഴയായി ഈടാക്കിയത്. ഇതിൽ 11 കോടി രൂപ 17,521 സർക്കാർ ഉദ്യോഗസ്ഥരിൽനിന്നാണ്. ഭക്ഷ്യ-സിവിൽ സപ്ലൈസ് ഉപഭോക്തൃ വിഭാഗമാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്. 4.63 ലക്ഷം കുടുംബങ്ങൾ അനധികൃതമായി അന്ത്യോദയ അന്നയോജന (എ.എ.വൈ), പ്രയോറിറ്റി ഹൗസ്ഹോൾഡ് (പി.എച്ച്.എച്ച്) കാർഡുകൾ കൈവശം വെക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
നാലുചക്ര വാഹനങ്ങൾ ഉള്ളവർ, സർക്കാർ ജീവനക്കാർ, മറ്റ് വരുമാന നികുതി ദായകർ, പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ കുടുംബം, സർക്കാർ എയ്ഡഡ് സ്വയംഭരണ സ്ഥാപനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജോലിക്കാർ, ഗ്രാമപ്രദേശങ്ങളിൽ മൂന്ന് ഹെക്ടറിൽ കൂടുതൽ ഭൂമിയുള്ള കുടുംബങ്ങൾ, 1.2 ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ള കുടുംബങ്ങൾ എന്നിവർക്ക് ബി.പി.എൽ കാർഡുകൾക്ക് അർഹതയില്ല. എന്നാൽ, ഇത് ലംഘിച്ചാണ് സർക്കാർ ജീവനക്കാരും മറ്റും ഇത്തരം കാർഡുകൾ സ്വന്തമാക്കിയിരിക്കുന്നത്. ഇത്തരക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന്് വിജിലൻസ് ആൻഡ് ഐ.ടി അഡീഷനൽ ഡയറക്ടർ ഗ്യാനേന്ദ്ര കുമാർ ഗാങ്വർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.