മംഗളൂരു: പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന പദ്ധതിയിൽ വൃക്ഷത്തൈകൾ നട്ടതിന്റെ ബിൽ പാസാക്കാൻ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഉപഡയറക്ടർ ഭരതമ്മയെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു.
മംഗളൂരുവിലെ ഓഫിസിൽനിന്നാണ് ഇവർ പിടിയിലായതെന്ന് ലോകായുക്ത പൊലീസ് സൂപ്രണ്ട് സി.എ. സൈമൺ പറഞ്ഞു. റിട്ട.ഫോറസ്റ്റ് റേഞ്ച് ഓഫിസർ എൻ.പി. പരമേശിന്റെ പരാതിയിലാണ് നടപടി. ഇദ്ദേഹത്തിനായിരുന്നു ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാൾ താലൂക്കിൽ പി.എം.കെ.എസ്.വൈ പദ്ധതി നിർവഹണ ചുമതല. കഴിഞ്ഞ ആഗസ്റ്റ് 31ന് സർവിസിൽനിന്ന് പിരിഞ്ഞു. വൃക്ഷത്തൈകൾ വാങ്ങിയ വകയിൽ നഴ്സറി ഉടമകൾക്കും കരാറുകാർക്കും 50 ലക്ഷം രൂപ കൊടുക്കാനുണ്ടായിരുന്നു.
ഇതിനുള്ള ബില്ലുകൾ പാസാക്കി നൽകാൻ അപേക്ഷയുമായി ഈ മാസം നാലിന് കൃഷി ഡെപ്യൂട്ടി ഡയറക്ടറെ സമീപിച്ചപ്പോൾ ബിൽ തുകയുടെ 15 ശതമാനം കൈക്കൂലിയാണ് ആവശ്യപ്പെട്ടത്.
വെള്ളിയാഴ്ച വീണ്ടും ചെന്നുകണ്ടെങ്കിലും ലക്ഷം രൂപയെങ്കിലും കൈക്കൂലി കിട്ടാതെ ബിൽ ശരിയാക്കാനാവില്ലെന്ന് അറിയിച്ചു. ഇതേത്തുടർന്ന് ലോകായുക്തക്ക് പരാതി നൽകി. ഡിവൈ.എസ്.പി കെ. കലാവതി, ഇൻസ്പെക്ടർ ബി. ചലുവരാജു, സബ് ഇൻസ്പെക്ടർ പി. സുരേഷ് കുമാർ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.