ബംഗളൂരു: സ്ഥലം മാറ്റാതിരിക്കാൻ കോൺഗ്രസ് എം.എൽ.എയും മകനും 30 ലക്ഷം രൂപ ആവശ്യപ്പെട്ടതിന്റെ മാനസിക പിരിമുറുക്കം കാരണം ജീവനൊടുക്കിയ ദലിത് പൊലീസ് സബ് ഇൻസ്പെക്ടറുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ആഭ്യന്തരമന്ത്രി ഡോ.ജി. പരമേശ്വര അറിയിച്ചു.
കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറണം എന്ന ബി.ജെ.പിയുടെ ആവശ്യം മന്ത്രി തള്ളി. മരിച്ച യാദ്ഗീർ പൊലീസ് സ്റ്റേഷൻ എസ്.ഐ പരശുരാമിന്റെ (35) വീട്ടിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തര വകുപ്പിൽ നിന്നാണ് നഷ്ടപരിഹാര തുക കണ്ടെത്തുകയെന്നും റെയ്ച്ചൂർ കാർഷിക സർവകലാശാലയിലോ ഗുൽബർഗ വൈദ്യുതി വിതരണ കമ്പനിയിലോ(ജെസ്കോം) തനിക്ക് ജോലി നൽകണമെന്ന എസ്.ഐയുടെ ഭാര്യ ശ്വേതയുടെ ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
എസ്.ഐയുടെ ഭാര്യ നൽകിയ പരാതിയെത്തുടർന്ന് കോൺഗ്രസ് എം.എൽ.എ ചന്നറെഡ്ഡി പാട്ടീലിന്റെയും മകൻ പാമ്പനഗൗഡയുടെയും പേരിൽ പൊലീസ് കേസെടുത്ത് സി.ഐ.ഡി വിഭാഗം അന്വേഷിക്കുകയാണ്. മൂക്കിൽനിന്നും വായിൽനിന്നും രക്തം വന്നതിനെത്തുടർന്ന് ആശുപത്രിലായിരുന്നു മരണം.
ബോധപൂർവമായ അപമാനം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
സ്ഥലം മാറ്റാതിരിക്കണമെങ്കിൽ എം.എൽ.എയും മകനും പരശുരാമിനോട് 30 ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ടിരുന്നുവെന്നാണ് ഭാര്യ പരാതിയിൽ ആരോപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.