മംഗളൂരു: കേന്ദ്ര സർക്കാർ കർണാടകയോട് ചിറ്റമ്മ നയം അനുവർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി .മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശനിയാഴ്ച ഉഡുപ്പിയിൽ ലോക ബണ്ട്സ് സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ സിദ്ധാരാമയ്യ.
വരൾച്ച ദുരിതാശ്വാസ ഫണ്ടിന്റെ കാര്യത്തിൽ കേന്ദ്രത്തിന്റെ ഈ നയം പ്രകടമാണ്.സംസ്ഥാനത്തെ 236 താലൂക്കുകളിൽ 216 എണ്ണവും വരൾച്ച ബാധിതമാണ്.കർണാടകയിൽ സന്ദർശനം നടത്തിയ കേന്ദ്ര സംഘത്തിന് ഇത് ബോധ്യപ്പെടാത്തതല്ല.33,770 കോടിയുടെ നഷ്ടമാണ് വരൾച്ച കാരണം കർണാടകയിൽ സംഭവിച്ചത്.17,901 കോടി രൂപയുടെ സഹായമാണ് സംസ്ഥാനം കേന്ദ്രത്തോട് തേടിയത്.നമ്മുടെ നിവേദക സംഘത്തിന് ബന്ധപ്പെട്ട മന്ത്രിമാരെ കാണാനുള്ള അവസരം നിഷേധിച്ച കേന്ദ്രം ചില്ലിക്കാശു പോലും അനുവദിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസ് സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമവും നുണപ്രചാരണവും നടത്തുകയാണ് ബിജെപി. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ വ്യാപൃതരാണവർ.അഞ്ച് മാസമായിട്ടും പ്രതിപക്ഷ നേതാവിനെ കണ്ടെത്താൻ കഴിയാത്ത പാർട്ടിയാണ് കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങൾ ചൂഴ്ന്നു നോക്കുന്നത്. ബോർഡ്, കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങളിലേക്ക് രണ്ട് ഘട്ടങ്ങളിലായി നിയമനം നടക്കും.എംഎൽഎമാർ, തുടർന്ന് മുൻ എംഎൽഎമാരും പ്രധാന പ്രവർത്തകരും എന്നതാവും ഘട്ടങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.