ബംഗളൂരു: ഇന്ത്യയുടെ മൂന്നാമത് ചാന്ദ്രദൗത്യമായ ‘ചന്ദ്രയാൻ -മൂന്ന്’ ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ മൂന്നിൽ രണ്ടുഭാഗവും പിന്നിട്ടു. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകത്തെ അയക്കുന്ന പ്രക്രിയയായ ലൂണാർ ഓർബിറ്റ് ഇഞ്ചക്ഷൻ (എൽ.ഒ.ഐ) ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ നടത്തും. ചന്ദ്രയാനെ നിയന്ത്രിക്കുന്ന ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ടെലിമെട്രി-ട്രാക്കിങ് ആൻഡ് കമാൻഡ് സെന്ററാണ് (ഇസ്ട്രാക്ക്) ഈ പ്രക്രിയ നടത്തുക. വെള്ളിയാഴ്ചയാണ് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ മുക്കാൽഭാഗവും പിന്നിട്ടത്.
കഴിഞ്ഞ ജൂലൈ 14നാണ് ഭൂമിയിൽനിന്ന് ചന്ദ്രയാൻ മൂന്ന് പേടകം കുതിച്ചുയർന്നത്. ഭൂമിയുടെ അഞ്ചാം ഭ്രമണപഥം ഉയർത്തലും വിജയകരമായതിന് ശേഷം പേടകം ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽനിന്നും പുറത്തുകടന്നിരുന്നു. ചന്ദ്രന്റെ ആകർഷണവലയത്തിലെത്തിക്കുന്ന ട്രാൻസ്ലൂണാർ ഇൻജക്ഷൻ ആഗസ്റ്റ് ഒന്നിന് രാത്രിയാണ് നടന്നത്. തുടർന്ന് ചന്ദ്രന്റെയും ഭൂമിയുടേയും സ്വാധീനമില്ലാത്ത ലൂണാർ ട്രാൻസ്ഫർ ട്രജക്ടറി എന്ന പഥത്തിലായിരുന്നു പേടകം ഉണ്ടായിരുന്നത്.
ഇതിലെ സഞ്ചാരം പൂർത്തിയാക്കിയതിന് ശേഷമാണ് ശനിയാഴ്ച ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടക്കുക. ഇതോടെ ആദ്യ ചാന്ദ്രപഥത്തിലും തുടർന്ന് നാല് പഥങ്ങളും പിന്നിട്ട് അവസാനത്തേതിലും എത്തും. ചന്ദ്രനിൽനിന്ന് 100 കിലോമീറ്റർ അകലെയാണ് ഈ പഥമുള്ളത്. ആഗസ്റ്റ് 17നായിരിക്കും ഇത്.
അന്ന് ചന്ദ്രയാന്റെ പ്രൊപൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ മൊഡ്യൂൾ വേർപെടും. തുടർന്ന് ആഗസ്റ്റ് 23ന് വൈകുന്നേരം 5.47ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറെ സങ്കീർണതകളുള്ളതാണ് ഈ പ്രക്രിയ. ലാൻഡർ മൊഡ്യൂൾ (എൽ.എം), പ്രൊപൽഷൻ മൊഡ്യൂൾ (പി.എം), റോവർ എന്നിവയടങ്ങിയതാണ് ചന്ദ്രയാൻ മൂന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.