ബംഗളൂരു: ജ്ഞാനപീഠ ജേതാവായ തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ, പ്രഭാകരൻ പഴശ്ശിയുടെ നോവലായ വസൂരിമാല എന്നിവ കന്നഡയിൽ പ്രസിദ്ധീകരിക്കുന്നു. ചെമ്മീൻ ഹംപി കന്നഡ സർവകലാശാല വിവർത്തന വിഭാഗം ഡയറക്ടർ മോഹൻ കുണ്ടാർ ‘ചെമ്മീനു’ എന്ന പേരിലാണ് മൊഴിമാറ്റിയത്. വസൂരിമാല ‘മരലി മനെഗെ’ എന്നപേരിൽ മൊഴിമാറ്റിയത് സാഹിത്യകാരനും വിവർത്തകനുമായ കെ.കെ. ഗംഗാധരനാണ്. ഞായറാഴ്ച ഇന്ദിരാനഗർ റോട്ടറി ഹാളിൽ ‘പരിഭാഷ’ എന്ന പേരിൽ നടക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ ബാംഗ്ലൂർ കൗൺസിലിന്റെ ആറാമത് പ്രതിമാസ സാഹിത്യപരിപാടിയിൽ ഇവക്കു പുറമെ, ബാല എഴുത്തുകാരനായ മാസ്റ്റർ അജിത് മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ‘അമ്മൂസ് എർത്ത്’ എന്ന കൃതിയും പ്രകാശനം ചെയ്യും. രാവിലെ 10.30 ന് ആരംഭിക്കുന്ന ചടങ്ങ് കേന്ദ്ര സാഹിത്യപുരസ്കാര ജേതാവും സാഹിത്യകാരനുമായ സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്യും. കന്നഡ സാഹിത്യകാരൻ സത്യനാരായണ രാജു, എഴുത്തുകാരിയും വിവർത്തകയുമായ മായാ ബി.നായർ, എഴുത്തുകാരിയും ചിത്രകാരിയുമായ കെ.ടി. ബ്രിജി എന്നിവർ പുസ്തകാസ്വാദനം നിർവഹിക്കും. സിന്ധു ഗാഥ അതിഥികളെ പരിചയപ്പെടുത്തും.
വേൾഡ് മലയാളി ഗ്ലോബൽ വൈസ് പ്രസിഡന്റ് റെജിൻ ചാലപ്പുറം, വൈസ് പ്രസിഡന്റ് ഷിബു മാത്യു, ഏഷ്യ റീജ്യൻ കോഓഡിനേറ്റർ ലിൻസൻ ജോസഫ്, ഏഷ്യ റീജ്യൻ ട്രഷറർ ഡിന്റോ ജേക്കബ്, ബാംഗ്ലൂർ കൗൺസിൽ ട്രഷറർ ഫ്രാൻസ് മുണ്ടാടൻ, സെക്രട്ടറി റോയ് ജോയ്, ബാംഗ്ലൂർ വിമൻസ് ഫോറം കോഓഡിനേറ്റർ രമാ പിഷാരടി, വിഷ്ണുമംഗലം കുമാർ, സലിം കുമാർ, അനിൽ രോഹിത്, രവികുമാർ തിരുമല, കെ.കെ. പ്രേംരാജ് , ഷൈനി അജിത് എന്നിവർ സംസാരിക്കും. ഫോൺ: 9611101411, 7406132723.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.