ബംഗളൂരു: ഗണേശ വിഗ്രഹനിമജ്ജന ഘോഷയാത്രക്കിടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സംഘർഷം. പലയിടത്തും പൊലീസ് ലാത്തിച്ചാർജ് നടത്തി. മാണ്ഡ്യ ജില്ലയിലെ നാഗമംഗലയിൽ ഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടർന്ന് സംഘർഷമുണ്ടായി. അക്രമികൾ കടകൾക്കും വാഹനങ്ങൾക്കും തീവെച്ചു. കല്ലേറിൽ രണ്ട് പൊലീസുകാർ ഉൾപ്പെടെ ഏതാനും പേർക്ക് നിസ്സാര പരിക്കേറ്റു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധനാഴ്ച രാത്രിയുണ്ടായ സംഭവങ്ങളെത്തുടർന്ന് 52 പേരെ അറസ്റ്റ് ചെയ്തതായും മുൻകരുതൽ നടപടിയുടെ ഭാഗമായി സെപ്റ്റംബർ 14 വരെ നാഗമംഗലയിൽ നാലിൽ കൂടുതൽ ആളുകൾ ഒത്തുകൂടുന്നത് തടയുന്ന നിരോധന ഉത്തരവുകൾ ഏർപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. ബദരികൊപ്പാലു ഗ്രാമത്തിൽ നിന്നുള്ള ഭക്തരുടെ ഗണേശ വിഗ്രഹ ഘോഷയാത്ര ആരാധനാലയത്തിൽ എത്തിയപ്പോൾ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ തർക്കമുണ്ടായതായും ചില അക്രമികൾ ഇതിനിടയിലേക്ക് കല്ലെറിഞ്ഞതാണ് രംഗം വഷളാക്കിയതെന്നും പൊലീസ് പറഞ്ഞു. അക്രമത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു സംഘം ആളുകൾ പൊലീസ് സ്റ്റേഷന് സമീപം പ്രതിഷേധ പ്രകടനം നടത്തി.
ഗണേശ വിഗ്രഹ നിമജ്ജനത്തിന്റെ പേരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് 11 പേരെ ബംഗാർപേട്ട് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റതായാണ് വിവരം. കഴിഞ്ഞ ദിവസവും സംഭവസ്ഥലത്ത് സമാന രീതിയിൽ സംഘർഷമുണ്ടായിരുന്നു. 11 പേരെ അറസ്റ്റ് ചെയ്തതിനു പുറമെ അനധികൃതമായി ഒത്തുകൂടിയതിന് 30ലധികം പേർക്കെതിരെ കേസെടുത്തു.
റായ്ച്ചൂർ നഗരത്തിൽ ഗണേശ വിഗ്രഹ നിമജ്ജനത്തിന്റെ അഞ്ചാം ദിവസമായ വ്യാഴാഴ്ച ഏറ്റുമുട്ടിയ സംഘങ്ങളെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. ജാഥ തിമ്മപ്പുരപ്പേട്ടയിലൂടെ കടന്നുപോകുമ്പോൾ ഒരു സംഘം കല്ലേറ് തുടങ്ങിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ജാഥയുമായി മുന്നിൽ പോയ സംഘം വഴിയിൽ നിന്നതാണ് പിന്നിലുള്ള സംഘത്തെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. സംഘർഷം തുടങ്ങിയയുടനെ പൊലീസ് ലാത്തിച്ചാർജ് നടത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
ബംഗളൂരു: മാണ്ഡ്യ ജില്ലയിലെ നാഗമംഗലയിൽ ഗണേശ ചതുർഥി ആഘോഷത്തിനിടെയുണ്ടായ സംഘർഷം ആകസ്മികമായുണ്ടായതാണെന്നും വർഗീയ കലാപമല്ലെന്നും കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യാൻ പോകുന്നതിനിടെ കല്ലേറുണ്ടാവുകയും ഇത് സംഘർഷത്തിലേക്ക് നയിക്കുകയുമായിരുന്നു. ഇങ്ങനെയൊരു സംഭവം നടക്കരുതായിരുന്നു. കല്ലേറാണ് സംഘർഷത്തിലേക്ക് നയിച്ചത്. പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി ആളുകൾ പിരിഞ്ഞുപോകാനൊരുങ്ങവേ ഒരു കൂട്ടം ആളുകൾ വാഹനങ്ങൾക്കും കടകൾക്കും തീവെച്ചുവെങ്കിലും പൊലീസിന് രംഗം ശാന്തമാക്കാനായി. സംഭവത്തിൽ ജീവഹാനിയോ മറ്റു ഗുരുതര പ്രശ്നങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കർണാടക സ്റ്റേറ്റ് റിസർവ് പൊലീസിനെ (കെ.എസ്.ആർ.പി) സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കല്ലേറിനെത്തുടർന്നുണ്ടായ സംഭവങ്ങളാണിത്. അതിനെ വർഗീയ കലാപം എന്ന് വിളിക്കാനാവില്ല. ഇത് ആസൂത്രിതമല്ല. കാര്യങ്ങൾ കൂടുതൽ വഷളാവാതെ പൊലീസ് നിയന്ത്രിച്ചു. സ്ഥിതിഗതികൾ നിയന്ത്രണത്തിലാണ്. സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും അവിടെയുണ്ട്. വിഷയത്തെ ഗൗരവമായാണ് കാണുന്നതെന്നും കാര്യങ്ങൾ വളച്ചൊടിച്ച് വിഷയത്തിന് കൂടുതൽ പ്രചാരം നൽകരുതെന്ന് ഞാൻ മാധ്യമങ്ങളോട് അഭ്യർഥിക്കുന്നുവെന്നും ആഭ്യന്തര മന്ത്രി ജി. പരമേശ്വര കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷവും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടും ഇത്തവണ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ആരോപണമുയർന്നിരുന്നു.
എന്നാൽ, കർണാടക സ്റ്റേറ്റ് റിസർവ് പൊലീസ് സംഘത്തിനെ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സഹായിച്ചതെന്നും പരമേശ്വര പറഞ്ഞു. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ പ്രേരണയില്ലെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നതായും അന്വേഷണ റിപ്പോർട്ടിൽ എന്താണ് വരുന്നതെന്ന് നോക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ബംഗളൂരു: ഗണേശ നിമജ്ജന ഘോഷയാത്രക്കിടെയുണ്ടായ സംഘർഷങ്ങളെ ഗൗരവമായാണ് സർക്കാർ കാണുന്നതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി സിദ്ധരാമയ്യ, സ്ഥലത്ത് ക്രമസമാധാനം നിലനിർത്തുകയെന്നതാണ് നമ്മുടെ പ്രാഥമിക ഉത്തരവാദിത്തമെന്ന് ഓർമിപ്പിച്ചു.
സമൂഹത്തിൽ ഏതെങ്കിലും തരത്തിൽ വിഭജനമുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശനമായ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പും നൽകി. പ്രശ്നമുണ്ടാക്കിയതാരായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് സംഭവസ്ഥലം സന്ദർശിച്ച റവന്യൂ മന്ത്രി ചെലുവരയസ്വാമി പറഞ്ഞു. സംഭവത്തെ അപലപിച്ച് കേന്ദ്ര മന്ത്രി എച്ച്.ഡി. കുമാരസ്വാമിയും രംഗത്തെത്തി.
ക്രമസമാധാനം തകർന്നതിന്റെ തെളിവാണിതെന്ന് അദ്ദേഹം ആരോപിച്ചു. സംഭവത്തെക്കുറിച്ച് എൻ.ഐ.എ അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി ശോഭ കരന്ത്ലാജെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.