ബംഗളൂരു: കർണാടകയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 10,000 കടന്നതായി സംസ്ഥാന ആരോഗ്യവകുപ്പ് ചൊവ്വാഴ്ച അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 487 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ജനുവരി മുതൽ ഇതുവരെ ആകെ 10,449 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിൽ 358 പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. സംസ്ഥാനത്ത് ഇതുവരെ എട്ടുപേർ ഡെങ്കി ബാധിച്ചു മരിച്ചു. സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ഡെങ്കി കേസുകളിൽ 3770 കേസുകളും ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) പരിധിയിലാണ്. ചിക്കമഗളൂരുവിൽ 621ഉം മൈസൂരുവിൽ 562ഉം കേസുകൾ റിപ്പോർട്ട് ചെയ്തു.
സംസ്ഥാനത്ത് ഊർജിതമായ ഡെങ്കി പ്രതിരോധ പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ബോധവത്കരണ, പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്കരിക്കും. മഴക്കാലം കഴിയുന്നതുവരെ ചുരുങ്ങിയത് രണ്ടു മാസത്തേക്കെങ്കിലും ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.