ബംഗളൂരു: ഗ്രാമദേവതയുടെ പ്രതിഷ്ഠയുള്ള ദണ്ഡ് തൊട്ടതിന് ദലിത് ബാലന് മേൽജാതിക്കാർ 60,000 രൂപ പിഴ വിധിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ദലിത് സംഘടനകളുടെ വൻ സമരം. കോലാർ ജില്ലയിലാണ് വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ സമരം നടത്തിയത്. 'ഉല്ലറഹള്ളി ചലോ' എന്ന പേരിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. തെകൽ റെയിൽവേ സ്റ്റേഷനിൽനിന്ന് മലുർ താലൂക്കിലെ ഉല്ലറഹള്ളി ഗ്രാമത്തിലേക്കായിരുന്നു പ്രകടനം. ഈ ഗ്രാമത്തിലാണ് ദലിത് കുടുംബത്തിന് പീഡനം നേരിടുന്നത്. സെപ്റ്റംബർ എട്ടിനാണ് വിവാദസംഭവം.
ബംഗളൂരുവിൽനിന്ന് 60 കി.മീറ്റർ അകലെ കോലാർ ജില്ലയിലെ മലുർ താലൂക്കിലെ ഉല്ലറഹള്ളി ഗ്രാമത്തിലാണ് ദലിത് കുടുംബം താമസിക്കുന്നത്. ഗ്രാമത്തിലെ ദേവിയായ ഭൂതമ്മയുടെ പ്രതിഷ്ഠ പ്രദക്ഷിണത്തിനായി ക്ഷേത്രത്തിന് പുറത്തെത്തിച്ചിരുന്നു. അപ്പോഴാണ് ശോഭമ്മയുടെ 15 വയസ്സുള്ള മകൻ പ്രതിഷ്ഠ സ്ഥാപിച്ച ദണ്ഡിൽ തൊട്ടത്. തുടർന്ന് ഗ്രാമത്തിലെ ചിലരും ഗ്രാമപഞ്ചായത്ത് അംഗങ്ങളും ചേർന്ന് ദലിത് കുടുംബത്തിന് 60,000 രൂപ ശിക്ഷ വിധിക്കുകയായിരുന്നു. ദലിതൻ തൊട്ട് അശുദ്ധമാക്കിയ പ്രതിഷ്ഠയുടെ ശുദ്ധീകരണം നടത്താനായാണ് തുകയെന്നാണ് മേൽജാതിക്കാർ പറയുന്നത്. ദലിത് സംഘടന ഭാരവാഹികളെ ശോഭമ്മ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഒക്ടോബർ ഒന്നിനുള്ളിൽ പിഴ നൽകണമെന്നാണ് അന്ത്യശാസനം. ഈ സാഹചര്യത്തിലാണ് ദലിത് സംഘടനകളുടെ പ്രതിഷേധം നടന്നത്. തങ്ങൾ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നത് ഏതെങ്കിലും മതത്തെ അപമാനിക്കാനല്ലെന്നും മനുഷ്യരായ തങ്ങൾക്ക് എല്ലായിടത്തും പ്രവേശിക്കാനുള്ള അവകാശം ഉണ്ടെന്നും സമരത്തിന്റെ സംഘാടകനായ ആനന്ദ് സിദ്ധാർഥ പറഞ്ഞു. വിവേചനത്തിനെതിരായ മുന്നറിയിപ്പാണ് സമരം. ദലിതർ എല്ലാം ഒറ്റക്കെട്ടാണെന്ന് തെളിയിക്കുന്നതാണ് സമരം. ജാതിവിവേചനം നടത്തുകയും കുടുംബത്തെ ബഹിഷ്കരിക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കണം.
കുറ്റക്കാർക്ക് നിയമമനുസരിച്ചുള്ള ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദലിത് സംഘടനകളുടെ പരാതിയിൽ കോലാർ പൊലീസ് ഗ്രാമപഞ്ചായത്ത് അംഗങ്ങളടക്കം എട്ടുപേർക്കെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ദലിത് ബാലന്റെ മാതാവ് ദിവസവേതനക്കാരിയാണ്. ദിവസം 300 രൂപ കൂലിയായി കിട്ടുന്ന തനിക്ക് 60,000 രൂപ അടക്കുകയെന്നത് അസാധ്യമാണെന്ന് മേൽജാതിക്കാരോട് പറഞ്ഞിരുന്നു. 5000 രൂപ നൽകാമെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ഒരു ദൈവവും തങ്ങളെ സഹായിക്കാൻ എത്തിയില്ലെന്നും ഇതിനാൽ ഇനിമുതൽ ബി.ആർ. അംബേദ്കറോടാണ് പ്രാർഥിക്കുകയെന്നും ഇവർ പറഞ്ഞു. ഇതനുസരിച്ച് വീട്ടിലെ വിവിധ ദൈവങ്ങളുടെ വിഗ്രഹങ്ങൾ നീക്കുകയും ഭരണഘടനാശിൽപിയായ അംബേദ്കറുടെ ഫോട്ടോ കഴിഞ്ഞദിവസം സ്ഥാപിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.