ബംഗളൂരു: കർണാടകക്ക് വരൾച്ചാ ദുരിതാശ്വാസം കൈമാറുമെന്നും ഏപ്രിൽ 29നകം ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ കർണാടക സർക്കാർ സമർപ്പിച്ച ഹരജിയിലാണ് അറ്റോണി ജനറൽ കേന്ദ്രത്തിനായി സുപ്രീംകോടതിയിൽ ഉറപ്പ് നൽകിയത്. ജസ്റ്റിസ് ബി.ആർ. ഗവൈ, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് തിങ്കളാഴ്ച ഹരജി പരിഗണിച്ചത്. കർണാടകയിലെ വരൾച്ചാ സാഹചര്യം നേരിടാൻ ഫണ്ട് അനുവദിക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻ അനുമതി നൽകിയതായി കേന്ദ്രസർക്കാറിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ വെങ്കടരമണി അറിയിച്ചു.
കർണാടക സർക്കാറിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി. നിശ്ചിത സമയപരിധിക്കകം കേന്ദ്രം സഹായം കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായി കപിൽ സിബൽ പറഞ്ഞു. വരൾച്ചാ ദുരിതാശ്വാസമായി 35,162 കോടി അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കർണാടക സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.