ബംഗളൂരു: കർണാടകയിൽ തൊഴിൽ മേഖലയിൽ തദ്ദേശീയർക്ക് സംവരണം ഉറപ്പുവരുത്തുന്ന ബില്ലുമായി കർണാടക സർക്കാർ മുന്നോട്ടുതന്നെയെന്ന് സൂചന. ബിൽ അടുത്ത മന്ത്രിസഭ യോഗത്തിൽ ചർച്ച ചെയ്ത് സംശയങ്ങൾ ദൂരീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച നിയമസഭയിൽ അറിയിച്ചു. കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ ബിൽ ചർച്ചക്കെടുത്തെങ്കിലും ചർച്ച പൂർണമായിരുന്നില്ലെന്നും അപ്പോഴേക്കും വാർത്തമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബില്ലിൽ ചില ആശയക്കുഴപ്പങ്ങളുണ്ട്. അടുത്ത മന്ത്രിസഭ യോഗത്തിൽ അതു പരിഹരിക്കും. തുടർന്ന് നിയമസഭയിൽ വിശദമായ ചർച്ചക്ക് വെക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിൽ ഇപ്പോൾ നടക്കുന്ന വർഷകാല നിയമസഭ സമ്മേളനത്തിൽതന്നെ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. ബിൽ മരവിപ്പിച്ച തീരുമാനത്തിനെതിരെ കന്നട രോഷമുയരുമെന്ന മുന്നറിയിപ്പും പ്രതിപക്ഷമായ ബി.ജെ.പി നൽകിയിട്ടുണ്ട്. ബിൽ അവതരിപ്പിക്കുന്നത് വൈകിയാൽ കന്നട വികാരമുണർത്തി ബി.ജെ.പി മുതലെടുപ്പ് നടത്തുമെന്ന ഭീതിയും സർക്കാറിനുണ്ട്. കന്നടിഗർക്കു പുറമെ, കർണാടകയിൽ 15 വർഷത്തിലേറെയായി താമസിക്കുന്നവർക്കും സംവരണം ഉറപ്പുവരുത്തുന്നതാണ് 2024ലെ കർണാടക സ്റ്റേറ്റ് എംപ്ലോയ്മെന്റ് ഓഫ് ലോക്കൽ കാൻഡിഡേറ്റ്സ് ഇൻ ദ ഫാക്ടറീസ് ആൻഡ് അദർ എസ്റ്റാബ്ലിഷ്മെന്റ്സ് ബിൽ. പ്രസ്തുത ബില്ലിനെതിരെ സോഫ്റ്റ്വെയർ കമ്പനികളുടെ കൂട്ടായ്മയായ നാഷനൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്വെയർ ആൻഡ് സർവിസ് കമ്പനീസ് (നാസ്കോം) അടക്കം രംഗത്തുവന്നിരുന്നു. സംസ്ഥാന സർക്കാർ പ്രതിനിധികളുമായി വിഷയം ചർച്ച ചെയ്യുമെന്ന് നാസ്കോം അറിയിച്ചു.
അതേസമയം, കർണാടക സർക്കാറിന്റെ നീക്കത്തിന് പിന്തുണയുമായി രാജ്യത്തെ ഐ.ടി ഭീമന്മാരായ ഇൻഫോസിസ് രംഗത്തുവന്നു. സർക്കാറിന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുമെന്ന് ഇൻഫോസിസ് സി.ഇ.ഒ സലിൽ പരേഖ് വ്യാഴാഴ്ച വ്യക്തമാക്കി. കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറും നിർദേശിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് ഇൻഫോസിസ് പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബംഗളൂരു: സംസ്ഥാനത്തെ തൊഴിൽ മേഖലയിൽ കന്നഡിഗർക്ക് സംവരണം ഉറപ്പുവരുത്തുന്ന 2024 ലെ കർണാടക സ്റ്റേറ്റ് എംപ്ലോയ്മെന്റ് ഓഫ് ലോക്കൽ കാൻഡിഡേറ്റ്സ് ഇൻ ദി ഫാക്ടറീസ് ആൻഡ് അദർ എസ്റ്റാബ്ലിഷ്മെന്റ്സ് ബിൽ മരവിപ്പിച്ചതിനെതിരെ മുന്നറിയിപ്പുമായി കർണാടക ബി.ജെ.പി. നിയമസഭയുടെ നടപ്പുസമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചില്ലെങ്കിൽ സർക്കാറിന് കന്നട രോഷം നേരിടേണ്ടിവരുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച മന്ത്രിസഭ യോഗം അനുമതി നൽകിയ ബിൽ വ്യാഴാഴ്ച നിയമസഭയിൽ അവതരിപ്പിക്കാനിരിക്കെയാണ് വ്യവസായ മേഖലയിൽനിന്നുള്ള എതിർപ്പിനെ തുടർന്ന് സിദ്ധരാമയ്യ സർക്കാർ മലക്കം മറിഞ്ഞതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭീരുത്വതീരുമാനമാണിത്. തൊഴിൽരഹിതരായ ലക്ഷക്കണക്കിന് കന്നഡിഗർക്ക് പ്രതീക്ഷ നൽകിയ ശേഷം ബിൽ മരവിപ്പിക്കുന്നത് വലിയ തോതിൽ കന്നട രോഷത്തിനിടയാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യാഴാഴ്ച നിയമസഭ സമ്മേളനത്തിലും സർക്കാറിനെതിരെ ബി.ജെ.പി രൂക്ഷ വിമർശനമുയർത്തി. തുഗ്ലക്ക് സർക്കാറാണ് കർണാടകയിലേതെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക കുറ്റപ്പെടുത്തി. ബിൽ സംബന്ധിച്ച് മുഖ്യമന്ത്രി എക്സിൽ കുറിച്ച സന്ദേശങ്ങൾ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ബില്ലിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടു. ആദ്യ പോസ്റ്റിൽ ‘സ്വകാര്യമേഖലയിൽ കന്നഡിഗർക്ക് 100 ശതമാനം സംവരണം’ എന്നായിരുന്നു മുഖ്യമന്ത്രി കുറിച്ചത്. ഇതു പിന്നീട്, പിൻവലിച്ചു. രണ്ടാമതായി, മാനജ്മെന്റ് കാറ്റഗറിയിൽ 50 ശതമാനവും നോൺ മാനേജ്മെന്റ് കാറ്റഗറിയിൽ 70 ശതമാനവും സംവരണമെന്ന് കുറിച്ചു. അവസാനമായി, ബിൽ മരവിപ്പിക്കുന്നതായ സന്ദേശവും നൽകി. എന്നാൽ, കർണാടകയിലുള്ളത് തുഗ്ലക്ക് സർക്കാറല്ലെന്നും സിദ്ധരാമയ്യ സർക്കാറാണെന്നും പ്രതികരിച്ച മുഖ്യമന്ത്രി, ബില്ലുമായി സർക്കാർ മുന്നോട്ടുതന്നെയെന്ന സൂചനയാണ് നൽകിയത്. അടുത്ത മന്ത്രിസഭ യോഗത്തിൽ ബിൽ വിശദമായി ചർച്ച ചെയ്ത് ആശയക്കുഴപ്പം പരിഹരിക്കുമെന്നും അദ്ദേഹം മറുപടി നൽകി.
കന്നഡിഗർക്കു പുറമെ, കർണാടകയിൽ 15 വർഷത്തിലേറെ താമസിക്കുന്നവർക്കും സംവരണം ഉറപ്പുവരുത്തുന്നതാണ് 2024 ലെ കർണാടക സ്റ്റേറ്റ് എംപ്ലോയ്മെന്റ് ഓഫ് ലോക്കൽ കാൻഡിഡേറ്റ്സ് ഇൻ ദി ഫാക്ടറീസ് ആൻഡ് അദർ എസ്റ്റാബ്ലിഷ്മെന്റ്സ് ബിൽ. സൂപ്പർ വൈസർ, മാനേജർ, ടെക്നിക്കൽ, ഓപറേഷൻസ്, അഡ്മിനിസ്ട്രേറ്റിവ് അടക്കമുള്ള മാനേജ്മെന്റ് കാറ്റഗറി ജോലികളിലാണ് 50 ശതമാനം സംവരണവും ഐ.ടി-ഐ.ടി ഇതര കമ്പനികളിലെ ക്ലറിക്കൽ, അൺ സ്കിൽഡ്, സെമി സ്കിൽഡ് ജോലികളിലും കരാർ, കാഷ്വൽ ജോലികളിലും 75 ശതമാനം സംവരണവുമാണ് പ്രസ്തുത ബില്ലിലൂടെ ലക്ഷ്യമിടുന്നത്.
കന്നട എഴുതാനും വായിക്കാനുമറിയണമെന്നതാണ് ജോലി ലഭിക്കാനുള്ള പ്രധാന നിബന്ധന. കന്നട ഭാഷ പഠിച്ചതായി തെളിയിക്കാൻ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഹാജരാക്കണം. കുടിയേറ്റക്കാരാണെങ്കിൽ നോഡൽ ഏജൻസി നടത്തുന്ന ഭാഷാ പരീക്ഷ പാസാകണം. യോഗ്യതയുള്ള ഉദ്യോഗാർഥികളെ ലഭിച്ചില്ലെങ്കിൽ ഇക്കാര്യത്തിൽ സ്ഥാപനങ്ങൾക്ക് ഇളവുതേടാവുന്നതാണ്. നിയമം ലംഘിക്കുന്നവരിൽനിന്ന് 10,000 മുതൽ 25,000 രൂപ വരെ പിഴയായി ഈടാക്കാമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.