ബംഗളൂരു: നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും പരിഹരിക്കാനും ഉന്നത ഉദ്യോഗസ്ഥർ നിരത്തിൽ നേരിട്ടുണ്ടാകണമെന്ന് ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു. ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ ഓഫിസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. തിരക്കുള്ള സമയങ്ങളില്‍ ഡി.സി.പി മുതല്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ വരെ നിരത്തുകളിലുണ്ടാകണം. രാവിലെയും വൈകീട്ടും രണ്ടു മണിക്കൂര്‍ വീതമായിരിക്കണം ഇത്തരത്തിൽ നിരത്തുകളില്‍ ഉദ്യോഗസ്ഥർ ഉണ്ടാകേണ്ടത്. ഗതാഗതക്കുരുക്ക് പ്രശ്നങ്ങൾക്ക് അതത് സ്ഥലത്തെ ഉദ്യോഗസ്ഥരായിരിക്കും ഉത്തരവാദികള്‍. തിരക്കേറിയ സമയങ്ങളില്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ സിവില്‍ പൊലീസില്‍നിന്ന് കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ എടുത്തുമാറ്റി കൊണ്ടുപോകുന്നത് പുനരാരംഭിക്കാന്‍ നിലവില്‍ ആലോചിച്ചിട്ടില്ലെന്നും പരമേശ്വര പറഞ്ഞു.
നഗരത്തിലെ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹം മൂന്നുമാസത്തെ സമയം നൽകി. ഗതാഗതത്തിന്റെ കാര്യത്തില്‍ ബംഗളൂരുവിന് വളരെ മോശം പേരാണുള്ളത്. ഇത് മാറ്റണം. നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ ഫലപ്രദമായി പരിഹരിക്കുന്നതിനാണ് മുന്‍ഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തില്‍ ലഹരി ഉപയോഗം കാരണമുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കും. ലഹരി കാരണമുള്ള പ്രശ്നങ്ങള്‍ നഗരത്തില്‍ വര്‍ധിച്ചിട്ടുണ്ട്. ലഹരി കടത്തുകാരെ കണ്ടെത്തിയിട്ടുണ്ട്.
ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ലഹരി ഇടപാടില്‍ ചില വിദേശ വിദ്യാര്‍ഥികള്‍ക്കും പങ്കുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. നഗരത്തില്‍ അനധികൃതമായി താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെയും അടിയന്തരമായി നടപടിയെടുക്കും. സുരക്ഷിത നഗര പദ്ധതിയില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 7,000ത്തിലധികം കാമറകള്‍ സ്ഥാപിക്കുമെന്നും പരമേശ്വര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.