ബംഗളൂരു: മെട്രോ സ്റ്റേഷനുകളിൽ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകളിൽ അമിത നിരക്ക് ഈടാക്കുന്നതായി പരാതി. പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകൾ തുടങ്ങിയത് യാത്രക്കാർ ഏറെ പ്രതീക്ഷയോടെയാണ് കണ്ടത്. ഈ കൗണ്ടറുകളില്‍നിന്ന് ഓട്ടോ ബുക്ക് ചെയ്യുന്നവരില്‍നിന്ന് ഡ്രൈവര്‍മാര്‍ അധികതുക ഈടാക്കുകയാണ്.
അതേസമയം, ഏതാനും ചിലരാണ് അമിതനിരക്ക് ഈടാക്കുന്നതെന്ന് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂനിയന്‍ (എ.ആര്.ഡി.യു) പറഞ്ഞു. ഡ്രൈവര്‍മാരുടെ വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തിയശേഷമാണ് ഓട്ടോ കൗണ്ടർ സംവിധാനം കൊണ്ടുവന്നത്.
അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതിക്ക് തടയിടാനാണ് എം.ജി റോഡ് ഉള്‍പ്പെടെയുള്ള മെട്രോ സ്റ്റേഷനുകളില്‍ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകള്‍ തുറന്നത്. കഴിഞ്ഞമാസമാണ് എം.ജി റോഡ്, കബണ്‍ റോഡ് ഉള്‍പ്പെടെ മെട്രോ സ്റ്റേഷനുകളിലും യാത്രക്കാര്‍ കൂടുതലായി ഓട്ടോകളെ ആശ്രയിക്കുന്ന റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകള്‍ തുടങ്ങിയത്.
യാത്രക്കാരുടെ സുരക്ഷയുറപ്പാക്കുകയും ഓട്ടോഡ്രൈവര്‍മാര്‍ കൂടിയ നിരക്ക് വാങ്ങുന്നത് തടയുകയുമായിരുന്നു ലക്ഷ്യം. ആദ്യത്തെ ഏതാനും ദിവസങ്ങള്‍ ഇത്തരം കൗണ്ടറുകളെക്കുറിച്ച് മികച്ച പ്രതികരണമാണ് യാത്രക്കാരില്‍നിന്ന് ലഭിച്ചത്.
ഒട്ടേറെപ്പേര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുകയും ചെയ്തു. എന്നാൽ, ഇപ്പോൾ കൂടിയ തുക ഈടാക്കുവെന്ന പരാതി സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായിട്ടുണ്ട്. പൊലീസുകാരുടെ ഒത്താശയോടെയാണ് അമിത കൂലിയെന്ന പരാതിയും ഉയരുന്നുണ്ട്.
നിലവില്‍ വിവിധ സ്ഥലങ്ങളിലേക്ക് ഓട്ടം പോകാന്‍ 10 രൂപ മുതല്‍ 30 രൂപവരെ അധികമായി ഒാട്ടോഡ്രൈവര്‍മാര്‍ ആവശ്യപ്പെടുന്നു. എന്നാല്‍, ഗതാഗതക്കുരുക്കുള്ള പ്രദേശങ്ങളിലേക്ക് ഓട്ടം പോകുമ്പോള്‍ ഒട്ടേറെ സമയം നഷ്ടപ്പെടുന്നുവെന്നും ഇതുകൊണ്ടാണ് അധികതുക വാങ്ങുന്നതെന്നുമാണ് ഓട്ടോഡ്രൈവര്‍മാർ പറയുന്നത്.
നിലവിലുള്ള ഓട്ടോനിരക്ക് പരിഷ്കരിക്കണമെന്നും ഡ്രൈവർമാർ ആവശ്യപ്പെടുന്നുണ്ട്. അമിത കൂലി ഈടാക്കുന്നതിനെതിരെയും ചില പൊലീസുകാർ ഇതിന് കൂട്ടുനിൽക്കുന്നുവെന്നും ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ ബംഗളൂരു ട്രാഫിക് പൊലീസിനോട് പരാതി ഉന്നയിക്കുകയാണ് യാത്രക്കാർ.
സമൂഹമാധ്യമങ്ങളിലൂടെയുള്ള പരാതികളിൽ നടപടിയെടുക്കുമെന്ന് ട്രാഫിക് പൊലീസ് സ്പെഷല്‍ കമീഷണര്‍ എം.എ. സലീം പറഞ്ഞു. അമിത നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച പരാതികള്‍ ഹെല്പ്പ്ലൈന് നമ്പറായ 080 22868444ല്‍ അറിയിക്കണം.
റെയില്‍വേ സ്റ്റേഷനുകളിലെ പ്രീപെയ്ഡ് കൗണ്ടറുകള്‍ റെയില്‍വേ പൊലീസിന്റെ നിയന്ത്രണത്തിലാണ്. മറ്റ് പ്രദേശങ്ങളില്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ പരാതിയിൽ നടപടിയെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.