ബംഗളൂരു: ആധുനിക ഇന്ത്യൻ രാഷ്ട്രത്തെ നിലനിർത്തുന്നതിന് മതേതരത്വം ആവശ്യമാണെന്നും ന്യൂനപക്ഷ താൽപര്യം സംരക്ഷിക്കുക എന്നത് ജനാധിപത്യ ഭരണക്രമത്തിന്റെ ചുമതലയാണെന്നും സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ കെ. ജയദേവൻ പറഞ്ഞു.
ബംഗളൂരു സെക്കുലർ ഫോറത്തിന്റെ പ്രഭാഷണ പരമ്പരയിൽ ‘ഭരണകൂടം ഭരണഘടനയുടെ അന്ത്യക്രിയ ചെയ്യുമ്പോൾ’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ സെക്കുലറിസം നേരിടുന്ന ഭീഷണി വർഗീയതതന്നെയാണ്. മതത്തിനെ അധികാരത്തിനുവേണ്ടി ഉപയോഗിക്കാതിരിക്കുക. എല്ലാ വർഗീയതയും എതിർക്കപ്പെടേണ്ടതാണ്. അവ ജനാധിപത്യവിരുദ്ധവും ആധുനിക വിരുദ്ധവുമാണ്. ഇസ്ലാം വർഗീയതക്ക് ഇന്ത്യൻ ഭരണകൂടത്തെ ഒരു ഇസ്ലാമിക സ്റ്റേറ്റ് ആക്കുക എന്നത് അസാധ്യമാണ്. ഹിന്ദുവും ഹിന്ദുത്വവും രണ്ടാണ്. ഹിന്ദു എന്നത് മതമാണ്.
എന്നാൽ, ഹിന്ദുത്വം അതല്ല. ഇന്ത്യയുടെ ജനാധിപത്യ സെക്കുലർ ഘടനയെ തകർത്ത് മതരാഷ്ട്രമാക്കി മാറ്റാൻ മതത്തെ ആയുധമാക്കുന്നതിനെയാണ് ഹിന്ദുത്വം എന്ന് പറയുന്നത്. ഹിന്ദുത്വ വർഗീയ ശക്തികൾക്ക് ഇന്ത്യൻ സ്റ്റേറ്റിനെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാൻ സാധിക്കുമെന്ന് ജയദേവൻ പറഞ്ഞു.
സമരമല്ലാതെ മറ്റു മാർഗമില്ലെന്ന് തിരിച്ചറിഞ്ഞ് പ്രക്ഷോഭത്തിനിറങ്ങിയ കർഷകരെ കോർപറേറ്റ് താൽപര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഖാലിസ്താനികളും രാജ്യദ്രോഹികളുമായി മുദ്രകുത്തി പ്രചാരണം നടത്തുകയും കർഷക സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്യുന്ന മോദി സർക്കാറിന്റെ കർഷകവിരുദ്ധ നയത്തെ എതിർക്കണമെന്ന് പ്രശസ്ത സിനിമാ - നാടക പ്രവർത്തകനും വിവരസാങ്കേതിക വിദഗ്ധനുമായ പ്രകാശ് ബാരെ പറഞ്ഞു. ‘കർഷക പ്രക്ഷോഭം - കാരണം, അനിവാര്യത’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശശിധരൻ അധ്യക്ഷതവഹിച്ചു. സംവാദത്തിൽ എ.എ. മജീദ്, ഡോ. ഷാമൻ, ടോണി കടവിൽ, എ. ഗോപിനാഥ്, ആർ.വി. ആചാരി, നാസർ നീല സാന്ദ്ര, പ്രമോദ് വർമ, എ.പി. നാരായണൻ, സുരേന്ദ്രൻ മംഗലശ്ശേരി എന്നിവർ പങ്കെടുത്തു. ശാന്തകുമാർ എലപ്പുള്ളി സ്വാഗതവും ഷാജു കുന്നോത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.