ബംഗളൂരു: ഇടശ്ശേരി ഗോവിന്ദന് നായരുടെ പ്രശസ്ത കാവ്യം ‘പൂതപ്പാട്ട്’ കന്നട മൊഴിയില്‍ വരുന്നു. ‘ഭൂതദ ഹാഡു’ എന്ന പേരിലാണ് എഴുത്തുകാരിയും വിവര്‍ത്തകയുമായ ഡോ. സുഷമാ ശങ്കർ മൊഴിമാറ്റിയത്. ഇടശ്ശേരിയുടെ കൃതികള്‍ ആദ്യമായാണ് കന്നടയിലെത്തുന്നത്.
പൂതപ്പാട്ടിന്റെ നാടന്‍ താളം ചോരാതെയാണ് വിവര്‍ത്തനം നിര്‍വഹിച്ചതെന്ന് സുഷമാ ശങ്കര്‍ പറഞ്ഞു. ‘കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍ന്നോട്ടു ചിലമ്പിന് കലമ്പലുകള്‍’ എന്ന വരികള്‍ ‘കേളലില്ലവേ ദുടി നുടിതദ ജൊതെ കാലലി താമ്രഗെഗ്ഗരയ സദ്ദു’ എന്നാണ് പരിഭാഷ. ‘അയ്യയ്യാ വരവമ്പിളിപ്പൂങ്കുല മെയ്യിലണിഞ്ഞ കരിമ്പൂതം’ എന്ന വരികള്‍ ‘അയ്യയ്യ, ബറുവളു ചന്ദിര ഹൂകലെ മെയ്യല്ലി തൊട്ട കരിഭൂത’ എന്നും മൊഴിമാറ്റി. അഞ്ചു വര്‍ഷം മുമ്പ് കോലാര്‍ ജില്ലയിലെ വിമല ഹൃദയ കോമ്പോസിറ്റ് ഹൈസ്കൂളിലെ കുട്ടികള്‍ക്കുവേണ്ടി മലയാളിയായ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിന്‍സി മേരിയുടെ അഭ്യര്‍ഥനയനുസരിച്ചാണ് പൂതപ്പാട്ട് വിവര്‍ത്തനം ചെയ്തതെന്ന് സുഷമാ ശങ്കര്‍ പറഞ്ഞു.
കന്നട വിദ്യാര്‍ഥികള്‍ക്ക് നൃത്തനാടകമായി അവതരിപ്പിക്കാനായിരുന്നു ഇത്. ഇപ്പോഴാണ് പുസ്തകമായി പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിന്റെ പ്രകാശനം നാളെ ഷാര്‍ജ പുസ്തകമേളയിൽ നടക്കും. അബൂദബി കന്നട സംഘത്തിന്റെ അധ്യക്ഷന്‍ സര്‍വോത്തമന്‍ ഷെട്ടിയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. ദുബൈ കര്‍ണാടക അസോസിയേഷന്റെ ജനറൽ സെക്രട്ടറി ശശിധരന് ഏറ്റുവാങ്ങും. ബംഗളൂരുവിലെ ദ്രവീഡിയന്‍ പബ്ലിക്കേഷന്‍സാണ് പ്രസാധകര്. ഒ.എന്‍.വി. കുറുപ്പിന്റെ ‘ഭൂമിക്ക് ഒരു ചരമഗീത’വും ‘അക്ഷര’വും മഹാകവി അക്കിത്തത്തിന്റെ ‘ഇടിഞ്ഞു പൊളിഞ്ഞ ലോക’വും ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’വും സുഷമാ ശങ്കര്‍ കന്നടയിലേക്ക് നേരത്തേ മൊഴിമാറ്റിയിരുന്നു.
കൊല്ലം ജില്ലയിലെ കണ്ണനല്ലൂര്‍ സ്വദേശിയായ ഡോ. സുഷമാ ശങ്കര്‍ ബംഗളൂരുവിലെ വൈറ്റ് ഫീല്‍ഡില്‍ സരസ്വതി എജുക്കേഷന്‍ ട്രസ്റ്റ് എന്ന പേരില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുകയാണ്. ദ്രാവിഡ ഭാഷാ വിവര്‍ത്തക സംഘത്തിന്റെ അധ്യക്ഷയായും പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.