ബംഗളൂരു: വിനായകചതുർഥി ദിനത്തിൽ ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനത്ത് കനത്ത സുരക്ഷയിൽ ഗണേശപൂജ ചടങ്ങുകൾ നടന്നു. ചൊവ്വാഴ്ച രാത്രി വൈകി കർണാടക ഹൈകോടതിയിൽനിന്ന് അനുമതി ലഭിച്ചതിനുപിന്നാലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയിൽ ശ്രീരാമസേന തലവൻ പ്രമോദ് മുത്തലികും അനുയായികളും ബുധനാഴ്ച രാവിലെ ഗണേശവിഗ്രഹം മൈതാനത്തൊരുക്കിയ പന്തലിൽ സ്ഥാപിച്ചു. തുടർന്ന് പ്രാർഥനയും പൂജയും നടന്നു. ഇത് ചരിത്രദിനമാണെന്നായിരുന്നു ശ്രീരാമസേന തലവൻ പ്രമോദ് മുത്തലികിന്റെ പ്രതികരണം. ഏറെക്കാലമായി ഹിന്ദുക്കൾ ആഗ്രഹിച്ചത് നടന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദുത്വ സംഘടനകളുടെ ആവശ്യപ്രകാരം ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനം ഗണേശോത്സവ ചടങ്ങുകൾക്കായി മൂന്നു ദിവസത്തേക്കാണ് ഹുബ്ബള്ളി -ധാർവാഡ് മുനിസിപ്പൽ കോർപറേഷൻ വിട്ടുനൽകിയത്. ഇതിനെതിരെ അൻജുമാനെ ഇസ്ലാം സമർപ്പിച്ച ഹരജി ചൊവ്വാഴ്ച പകൽ കർണാടക ഹൈകോടതി തള്ളി. ഗണേശ ചതുർഥി ആഘോഷങ്ങൾക്കായുള്ള ഹിന്ദുത്വ സംഘടനകളുടെ അപേക്ഷകൾ പരിഗണിക്കാൻ ധാർവാഡ് മുനിസിപ്പൽ കമീഷണർക്ക് അനുമതി നൽകുകയും ചെയ്തു.
എന്നാൽ, സമാന വിഷയത്തിൽ ബംഗളൂരുവിലെ ചാമരാജ് പേട്ട് ഈദ്ഗാഹ് മൈതാനവുമായി ബന്ധപ്പെട്ട കേസിൽ ചൊവ്വാഴ്ച സുപ്രീംകോടതിയിൽ നടന്ന വാദത്തിൽ തൽസ്ഥിതി തുടരാൻ നിർദേശിച്ചതോടെ ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനവുമായി ബന്ധപ്പെട്ട ഹരജിയുമായി വീണ്ടും ഹരജിക്കാർ ഹൈകോടതിയെ സമീപിച്ചു. ചാമരാജ്പേട്ട് ഈദ്ഗാഹ് മൈതാനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നൽകിയ ഉത്തരവ് ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനവുമായി ബന്ധപ്പെട്ട കേസിലും ബാധകമാണെന്ന് ഹരജിക്കാരായ അൻജുമാനെ ഇസ്ലാമിനുവേണ്ടി ഹാജരായ അഭിഭാഷകൻ ശ്രദ്ധയിൽപെടുത്തി.
ജസ്റ്റിസ് അശോക് എസ്. കിനാഗിയുടെ ചേംബറിൽ രാത്രി 10 ന് അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച ഹരജി ഒന്നര മണിക്കൂർ നീണ്ട വാദപ്രതിവാദത്തിനുശേഷം തള്ളി. ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനത്തിന്റെ ഉടമസ്ഥാവകാശം ഹുബ്ബള്ളി- ധാർവാഡ് മുനിസിപ്പൽ കോർപറേഷനാണെന്നും അൻജുമാനെ ഇസ്ലാം വർഷത്തിൽ ഒരു രൂപയെന്ന തോതിൽ 999 വർഷത്തേക്ക് പാട്ടക്കരാറുകാർ മാത്രമാണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
ഈദ്ഗാഹ് മൈതാനത്തിന്റെ ഉടമസ്ഥാവകാശം എതിർകക്ഷിക്കാണെന്നും ഈ വിഷയത്തിൽ കർണാടക വഖഫ് ബോർഡും ഹരജിക്കാരും നൽകിയ അപ്പീലുകൾ 1992ൽ തള്ളിയതാണെന്നും ചൂണ്ടിക്കാട്ടിയ കോടതി, ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനം ആരാധനസ്ഥലമാണെന്ന് തെളിയിക്കുന്ന രേഖകൾ ഹരജിക്കാർ ഹാജരാക്കിയിട്ടില്ലെന്ന് പറഞ്ഞു.
ചാമരാജ്പേട്ട് ഈദ്ഗാഹ് മൈതാനവുമായി ബന്ധപ്പെട്ട കേസിലെ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഈ കേസിൽ നിലനിൽക്കില്ലെന്നും ഈദ്ഗാഹ് മൈതാനത്ത് ഗണേശോത്സവത്തിന് അനുമതി നൽകിയതിനെതിരെയുളള ഹരജി തള്ളുകയാണെന്നുമാണ് ജസ്റ്റിസ് അശോക് എസ്. കിനാഗി വിധിന്യായത്തിൽ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.