ബംഗളൂരു: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ സ്വാമി വിവേകാനന്ദന്‍റെ ചിത്രം കുട്ടികളുടെ ശ്രദ്ധയിൽപെടുംവിധം പ്രദർശിപ്പിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ്. ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് ഉടൻ ഇറക്കും. പല സ്കൂളുകളിലെ ഓഫിസ് മുറിയിലും വിവേകാനന്ദന്‍റെ ചിത്രമുണ്ട്. പക്ഷേ, കുട്ടികളുടെ ശ്രദ്ധയിൽപെടുംവിധം പ്രദർശിപ്പിക്കാനാണ് പുതിയ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലും പ്രീ യൂനിവേഴ്‌സിറ്റി കോളജുകളിലുമായി നിർമിക്കുന്ന വിവേക ക്ലാസ്‌മുറികൾക്ക് കാവി നിറം പൂശാനുള്ള നീക്കം വിവാദമായതിന്‍റെ തുടർച്ചയായാണ് മന്ത്രിയുടെ പുതിയ പ്രഖ്യാപനം. വിവേകപദ്ധതിയിൽ സംസ്ഥാനത്ത് 7601 ക്ലാസ്‌മുറികളാണ് നിർമിക്കുന്നത്. സ്വാമി വിവേകാനന്ദന്‍റെ സ്മരണക്കായാണ് ക്ലാസ് മുറികൾക്ക് വിവേക എന്ന പേര് നൽകുന്നത്.
അതേസമയം, വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിന്‍റെ തുടർച്ചയാണിതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഈയടുത്ത് സ്കൂളുകളിൽ വിദ്യാർഥികൾക്ക് ധ്യാനം നിർബന്ധമാക്കിയിരുന്നു. പാഠ്യപദ്ധതിയിൽ ഹിന്ദുത്വആശയങ്ങളുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തിയത് വൻപ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് ചില തിരുത്തലുകൾ വരുത്തിയിരുന്നുവെങ്കിലും ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്ഗേവാറിനെ സംബന്ധിച്ചുള്ള അധ്യായമടക്കം നീക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.