ബംഗളൂരു: ക്ഷേമപദ്ധതികൾക്കുള്ള അപേക്ഷ നടപടികൾ ലഘൂകരിക്കണമെന്നും അനാവശ്യ ചോദ്യങ്ങൾ ഉൾപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കോൺഗ്രസ് സർക്കാറിന്റെ തെരഞ്ഞടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. നിസ്സാര കാരണങ്ങൾക്ക് അപേക്ഷകൾ നിരസിക്കരുത്.
അപേക്ഷ നിരസിച്ചാൽ അതിനുള്ള കാരണം വ്യക്തമാക്കണം. സർക്കാറിന്റെ പോർട്ടലായ സേവ സിന്ധുവിന്റെ ശേഷി ഉയർത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഇ-ഗവേണൻസ് വകുപ്പിനോട് നിർദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച ഉന്നതതല യോഗത്തിനുശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വീടുകൾക്ക് മാസം 200 യൂനിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ‘ഗൃഹജ്യോതി’ പദ്ധതി ആഗസ്റ്റ് ഒന്നിന് കലബുറഗിയിൽ ഉദ്ഘാടനം ചെയ്യും.
ഗൃഹനാഥകൾക്ക് 2000 രൂപ പ്രതിമാസം സഹായം നൽകുന്ന ‘ഗൃഹലക്ഷ്മി’ പദ്ധതി ആഗസ്റ്റ് 17നോ 18നോ ആയിരിക്കും തുടങ്ങുക. ‘ഗൃഹലക്ഷ്മി’യുടെ ഉദ്ഘാടനം ബെളഗാവിയിലായിരിക്കും.
ആദായനികുതിയും ജി.എസ്.ടിയും ഫയൽചെയ്യുന്ന കുടുംബത്തിലെ ഗൃഹനാഥകൾക്ക് ആനുകൂല്യത്തിന് അർഹതയില്ല. ബി.പി.എൽ, എ.പി.എൽ കാർഡ് ഉടമകൾക്ക് ആനുകൂല്യം ലഭിക്കും. വൈദ്യുതി സൗജന്യമായി നൽകുന്ന ‘ഗൃഹജ്യോതി’ പദ്ധതി വീടുകൾക്ക് മാത്രമാണ് ലഭിക്കുക. കഴിഞ്ഞ 12 മാസത്തെ ശരാശരി ഉപഭോഗം നോക്കി 200 യൂനിറ്റിൽ താഴെ ഉപയോഗിച്ചവർക്ക് മാത്രമാണ് ആനുകൂല്യം. വാടകവീടുകളിൽ താമസിക്കുന്നവർക്കും അർഹതയുണ്ട്. സംസ്ഥാനത്തെ വനിതകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര നൽകുന്ന ശക്തി പദ്ധതി ജൂൺ11ന് വിധാൻസൗധയിൽ ഉദ്ഘാടനം ചെയ്യും. 11ന് ഉച്ചക്ക് ഒന്നിനു ശേഷം വനിതകൾക്ക് സൗജന്യയാത്ര തുടങ്ങാം. സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ സ്ത്രീകൾക്ക് മാത്രമാണ് സൗജന്യയാത്ര അനുവദിക്കുക. കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി, എൻ.ഡബ്ല്യു.കെ.ആർ.ടി.സി, കെ.കെ.ആർ.ടി.സി എന്നീ നാല് സ്ഥാപനങ്ങളുടെ ബസുകളിലാണ് സൗജന്യയാത്ര നടത്താനാവുക.
ബംഗളൂരു: കർണാടകയിൽ സ്ഥിരതാമസമാക്കിയ വനിതകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന ശക്തി പദ്ധതിയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബസ് കണ്ടക്ടറാകും. 11ന് മെജസ്റ്റിക് സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന 43ാം നമ്പർ ബസിൽ മുഖ്യമന്ത്രി വനിത യാത്രക്കാർക്ക് സൗജന്യ യാത്ര ടിക്കറ്റുകൾ നൽകിയാണ് ഉദ്ഘാടനം നിർവഹിക്കുക.
നാല് സ്റ്റോപ്പ് വരെ അദ്ദേഹം ബസിൽ വനിതാ യാത്രക്കാരെ സ്വാഗതംചെയ്യും. കോൺഗ്രസിന്റെ അഞ്ചിന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ പ്രധാന പദ്ധതിയാണ് ശക്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.