മംഗളൂരു: ബൈന്തൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദ് പൂജാരിയെയും സുഹൃത്തുക്കളെയും തോക്കും കത്തിയും കാണിച്ച് ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തെ ഗംഗോളി പൊലീസ് അറസ്റ്റ് ചെയ്തു. കെ. സചിൻ (24), ശരത് ദേവഡിഗ (24), എം. കാർത്തിക് (22), സി. കീർത്തിക് (20), എൻ. പ്രകാശ് (20), കെ. ജഗദീഷ് (31), യു. ഗൗതം (23), കെ. മഹേന്ദ്ര പൂജാരി (30), സി. സന്തോഷ് മൊകവീര (29), റോഷൻ ഫെർണാണ്ടസ് (27), പ്രസാദ് ആചാര്യ (30) എന്നിവരും പ്രായപൂർത്തിയാകാത്ത മൂന്ന് പേരുമാണ് അറസ്റ്റിലായത്.
അഞ്ചു ദിവസംമുമ്പ് അരവിന്ദ് പൂജാരിയും സുഹൃത്തുക്കളായ ശ്രീകാന്ത് പൂജാരി, ചന്ദ്ര പഡുമനെ, സുരേഷ്, ശിവകുമാർ ഹെബ്ബാർ, മകൻ മനു ഹെബ്ബാർ, സുധീഷ് ഷെട്ടി എന്നിവർ ഹദവു മഹാവിഷ്ണു ക്ഷേത്രം പരിസരത്തെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് പൊടുന്നനെ ആക്രമണമുണ്ടായത്.
കത്തിയും വടിവാളും ചുഴറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തിലെ സച്ചിൻ പിസ്റ്റൾ അരവിന്ദ് പൂജാരിയുടെ നെറ്റിയിൽ ചൂണ്ടി നിറയൊഴിക്കൂ എന്ന് ഭീഷണിപ്പെടുത്തി.
ലൈസൻസില്ലാത്ത തോക്കാണെന്നും വെടിവെച്ച് വലിച്ചെറിഞ്ഞാൽ ഒന്നും സംഭവിക്കില്ലെന്നും ആക്രോശിച്ചു.താക്കീത് നൽകി അക്രമികൾ ഇരുചക്ര വാഹനങ്ങളിൽ സ്ഥലം വിടുകയായിരുന്നെന്നാണ് അരവിന്ദ് പൂജാരി ഗംഗോളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞത്.അക്രമികൾ സഞ്ചരിച്ച സ്കൂട്ടറുകളും തോക്ക് ഉൾപ്പെടെ ആയുധങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.