ബംഗളൂരു: കർണാടകയിലെ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഒന്നാം ഘട്ട പോളിങ്ങിനായി 14 മണ്ഡലങ്ങൾ ഇന്ന് ബൂത്തിലേക്ക്. രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെയാണ് പോളിങ് രേഖപ്പെടുത്താനുള്ള സമയം.
ബംഗളൂരു റൂറൽ, ബംഗളൂരു സെൻട്രൽ, ബംഗളൂരു നോർത്ത്, ബംഗളൂരു സൗത്ത്, ദക്ഷിണ കന്നട, ഉഡുപ്പി- ചിക്കമഗളൂരു, കുടക് - മൈസൂരു, ഹാസൻ, തുമകൂരു, ചിത്രദുർഗ, ചാമരാജ്നഗർ, മാണ്ഡ്യ, കോലാർ, ചിക്കബല്ലാപുര എന്നീ മണ്ഡലങ്ങളിലെ വോട്ടർമാരാണ് ഇന്ന് വിധിയെഴുതുക. ബുധനാഴ്ച പരസ്യ പ്രചാരണവും വ്യാഴാഴ്ച നിശ്ശബ്ദ പ്രചാരണവും സമാപിച്ചിരുന്നു. 14 മണ്ഡലങ്ങളിലുമായി 2,88,19,342 വോട്ടർമാരും 247 സ്ഥാനാർഥികളുമാണുള്ളത്.
32.1 ലക്ഷം വോട്ടർമാരുള്ള ബംഗളൂരു നോർത്ത് ആണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മണ്ഡലം. തെരഞ്ഞെടുപ്പ് സുതാര്യമായി നടത്തുന്നതിനായി 1.4 ലക്ഷം പോളിങ് ഉദ്യോഗസ്ഥർ, 5000 സൂക്ഷ്മ നിരീക്ഷകർ, 65 കമ്പനി പാരാമിലിറ്ററി സേന തുടങ്ങിയവരെ നിയമിച്ചിട്ടുണ്ട്. ഇതര സംസ്ഥാന സേനകളുടെ സേവനവും അവശ്യഘട്ടങ്ങളിൽ ഉപയോഗപ്പെടുത്തും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പൊലീസുകാരും ഉദ്യോഗസ്ഥരുമടക്കമുള്ളവർ വ്യാഴാഴ്ച വോട്ട് രേഖപ്പെടുത്തി.
ഭിന്നശേഷിക്കാരായ വോട്ടർമാർക്കും മുതിർന്നവർക്കും വോട്ടിങ് നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനായി തയാറാക്കിയ സാക്ഷം ആപ്പിൽ ഇതുവരെയെത്തിയത് 1200 അപേക്ഷകൾ. ഇതിൽ 751 എണ്ണം വീൽചെയറിനായും 425 അപേക്ഷകൾ വീട്ടിൽ നിന്നും ബൂത്തിലേക്കും തിരികെ വീട്ടിലേക്കുള്ള യാത്ര, അഞ്ച് എണ്ണം വളന്റിയർമാരെ ആവശ്യപ്പെട്ടുള്ളത് എന്നിങ്ങനെയാണ് കണക്ക്. വ്യാഴാഴ്ച വൈകീട്ട് വരെ അപേക്ഷിക്കാനുള്ള സമയമുണ്ട് എന്നതിനാൽ അപേക്ഷകരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ട്. ബംഗളൂരുവിൽ 8,984 പോളിങ് ബൂത്തുകളിൽ റാമ്പ് സ്ഥാപിച്ചിട്ടുണ്ട്. വോട്ടിങ് മെഷീനുകളിൽ ബ്രെയ്ലി സംവിധാനമുണ്ടായിരിക്കും. അതോടൊപ്പം സഹായത്തിനായി സന്നദ്ധപ്രവർത്തകരുമുണ്ടാകും.
തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഇന്ന് പൊതു അവധി. പോളിങ് നിരക്ക് വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സർക്കാർ അവധി പ്രഖ്യാപിച്ചത്. ബന്നാർഘട്ട നാഷനൽ പാർക്ക്, മൈസൂരു മൃഗശാല തുടങ്ങിയ വിനോദകേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാരിന്റെ അവശ്യസർവിസുകളല്ലാത്തവ, ബാങ്കുകൾ തുടങ്ങിയവക്കെല്ലാം അവധിയാണ്. വോട്ട് ചെയ്യാൻ അവധി നൽകാത്ത കോർപറേറ്റ് സ്ഥാപനങ്ങൾ, നിർമാണ സ്ഥാപനങ്ങൾ, ഫാക്ടറികൾ തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷനും ബി.ബി.എം.പിയും പറഞ്ഞിരുന്നു. കർണാടക ഹൈകോടതിയും അവധിയായിരിക്കും.
പോളിങ് ബൂത്തുകളിൽ മൊബൈൽ ഫോൺ, കാമറ, ലാപ്ടോപ് എന്നിവ അനുവദിക്കില്ല. വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തുന്ന സമയത്ത് ഇവ പോളിങ് ബൂത്തിന് പുറത്ത് സൂക്ഷിക്കാൻ സൗകര്യമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞു. പോളിങ് ഉദ്യോഗസ്ഥർ മൊബൈൽ ഫോണുകൾ സൈലന്റ് മോഡിൽ സൂക്ഷിക്കണം.
വോട്ടിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വോട്ട് ചെയ്തവർക്ക് ഓഫറുകളുമായി സ്ഥാപനങ്ങൾ. നൃപതുംഗ റോഡിലെ നിസാഗ്ര ഗ്രാൻഡ് ഹോട്ടലിൽ വോട്ട് രേഖപ്പെടുത്തിയവർക്ക് സൗജന്യമായി ബട്ടർ ദോശ, ജ്യൂസ്, ഗീ ലഡ്ഡു തുടങ്ങിയവ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമീഷനുമായും ബൃഹത് ബംഗളൂരു മഹാനഗര പാലികയെയുമായി സഹകരിച്ച് ഓൺലൈൻ ടാക്സി ബുക്കിങ് കമ്പനിയായ റാപിഡോ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഇന്ന് സൗജന്യ യാത്രയൊരുക്കുന്നുണ്ട്. VOTENOW എന്ന കൂപ്പൺ കോഡാണ് ഇതിനായി ഉപയോഗിക്കേണ്ടത്.
സംസ്ഥാനത്തെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 30602 ബൂത്തുകളിൽ 19701 എണ്ണത്തിലും തത്സമയ വെബ്കാസ്റ്റിങ്ങുണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ മനോജ് കുമാർ മീണ പറഞ്ഞു. പോളിങ് സ്റ്റേഷനുകളിൽ സുരക്ഷയൊരുക്കുന്നതിന്റെയും തെരഞ്ഞെടുപ്പ് സുതാര്യമാക്കുന്നതിന്റെയും ഭാഗമായാണ് വെബ്കാസ്റ്റിങ് നടത്തുന്നത്. കൂടാതെ 1370 പോളിങ് സ്റ്റേഷനുകൾ സി.സി.ടി.വി നിരീക്ഷണത്തിലുമായിരിക്കും. ബംഗളൂരു റൂറൽ, കുടക് - മൈസൂരു എന്നീ മണ്ഡലങ്ങളിലെ മുഴുവൻ പോളിങ് സ്റ്റേഷനുകളിലും വെബ് കാസ്റ്റിങ്ങുണ്ടാകും.
ഇതുവരെ പെരുമാറ്റചട്ട ലംഘനത്തിനെടുത്തത് 189 കേസുകൾ. രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും നേതാക്കൾക്കുമെതിരെയാണ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേസെടുത്തത്. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ബി.ജെ.പിയിലെ 12 പേർക്കെതിരെയും കോൺഗ്രസിലെ ഒമ്പത് പേർക്കെതിരെയും ജെ.ഡി.എസിലെ രണ്ടു പേർക്കെതിരെയുമായി ആകെ 23 കേസുകളാണെടുത്തത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ജെ.ഡി.എസ് നേതാവും മുൻമുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ വിജയേന്ദ്ര തുടങ്ങിയവർക്കെതിരെയെല്ലാം വിവിധ വകുപ്പുകളിലായി കേസെടുത്തിട്ടുണ്ട്.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മെട്രോ സര്‍വിസുകളുടെ സമയപരിധി നീട്ടി. പർപ്പ്ൾ, ഗ്രീൻ ലൈനുകളിലെ അവസാന സ്റ്റേഷനുകളായ നാഗസാന്ദ്ര, സില്‍ക്ക് സിറ്റി, ചല്ലഘട്ട, വൈറ്റ് ഫീല്‍ഡ് എന്നിവിടങ്ങളില്‍ നിന്നും അവസാന സര്‍വിസ് രാത്രി 11.55ന് ആയിരിക്കും പുറപ്പെടുകയെന്നും മെജസ്റ്റിക് സ്റ്റേഷനില്‍ നിന്നും നാല് ഭാഗത്തേക്കുമുള്ള അവസാനത്തെ ട്രെയിന്‍ ഏപ്രില്‍ 27ന് അർധരാത്രി 12.35നും ആയിരിക്കുമെന്ന് നമ്മ മെട്രോ പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.