മംഗളൂരു:ഉടുപ്പി പാരാമെഡിക്കൽ കോളജിൽ മൂന്ന് വിദ്യാർഥിനികൾ മൊബൈൽ ഫോണിൽ സഹപാഠിയുടെ സ്വകാര്യത പകർത്തി എന്ന കേസ് അന്വേഷണം എൻ.ഐ.എക്ക് കൈമാറണം എന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ വിദ്വേഷപ്രസംഗം നടത്തിയതിന് പൊലീസ് സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ മുൻകൂർ ജാമ്യ ഹർജി നൽകി. വി.എച്ച്.പി മേഖല കൺവീനർ ശരൺ പമ്പുവെൽ,ഉടുപ്പി ജില്ല സെക്രട്ടറി ദിനേശ് മെൻഡൻ എന്നിവരാണ് തിങ്കളാഴ്ച ഉടുപ്പി ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹരജി സമർപ്പിച്ചത്.
മഹിളാ മോർച്ച ഉടുപ്പി ജില്ല പ്രസിഡന്റ് വീണ ഷെട്ടിക്കെതിരേയും ഉടുപ്പി ടൗൺ പോലീസ് കേസെടുത്തിരുന്നു. "ഹിന്ദു അമ്മമാർ ഉണരണം,ചൂലേന്തും കൈകളിൽ നീതിക്കു വേണ്ടി മുസ്‌ലിമിനെതിരെ ആയുധമെടുക്കാൻ സന്നദ്ധരാവുക"-എന്നാണ് ശരൺ പറഞ്ഞത്. "നീതി നടപ്പാക്കാൻ സർക്കാർ സന്നദ്ധമായില്ലെങ്കിൽ ആദി-ഉടുപ്പി നഗ്നത കേസും ഹരിയടുക്ക ഹഹനബ്ബ കൊലകേസും ആവർത്തിക്കും"എന്നായിരുന്നു ദിനേശിന്റെ ഭീഷണി. "മുസ്‌ലിം പെൺകുട്ടികൾക്ക് സ്കൂളിലും കോളജിലും പ്രവേശം നൽകരുത്,അവർ വല്ല മദ്റസയിലും പഠിക്കട്ടെ"എന്ന ആഗ്രഹം വീണയും പ്രകടിപ്പിച്ചു. ഈ മാസം മൂന്നിന് ഉടുപ്പിയിൽ നടത്തിയ റാലിയിലായിരുന്നു വിദ്വേഷ പ്രസംഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.