ബംഗളൂരു: സ്കൂളുകളിലും കോളജുകളിലും ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ സുപ്രീംകോടതി ഉത്തരവ് പാലിക്കുമെന്ന് കർണാടക പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. സുപ്രീംകോടതി അനുവദിക്കുന്നുണ്ടെങ്കിൽ വിദ്യാർഥിനികളെ ഹിജാബ് ധരിക്കാൻ അനുവദിക്കുമെന്നും നിയമം പാലിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കർണാടക സർക്കാറിന് കീഴിലെ അതോറിറ്റികൾ നടത്തുന്ന റിക്രൂട്ട്മെന്റുകളിലും കർണാടക എക്സാമിനേഷൻ അതോറിറ്റി നടത്തുന്ന മത്സരപരീക്ഷകളിലും ഹിജാബ് അനുവദിക്കുമെന്ന് കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി. സുധാകർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതേത്തുർന്ന് സംഘ്പരിവാർ സംഘടനകൾ പ്രതിഷേധമുയർത്തുന്നതിനിടെയാണ് പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയുടെ പ്രതികരണം. റിക്രൂട്ട്മെന്റുകളിലും മത്സരപരീക്ഷകളിലും ഹിജാബ് അനുവദിച്ചാൽ പരീക്ഷ കേന്ദ്രങ്ങൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഹിന്ദുത്വ സംഘടനകൾ ഭീഷണി മുഴക്കിയിട്ടുണ്ട്.
ബി.ജെ.പി അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. തെരഞ്ഞെടുപ്പ് അജണ്ട മുന്നിൽകണ്ടാണ് ബി.ജെ.പി ഇത്തരം പ്രശ്നങ്ങൾ ഉയർത്തുന്നത്. പുരോഗമനപരവും വികസനപരവുമായ ഒരു അജണ്ടയും അവർക്കില്ല. ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ടുനേടാനുള്ള വൈകാരിക വിഷയങ്ങൾ മാത്രമാണ് അവരുടെ കൈയിലുള്ളത്. ഇതുകേട്ട് ജനത്തിന് മടുത്തിരിക്കുന്നു. ജനങ്ങൾക്ക് പുരോഗമന സർക്കാറാണ് ആവശ്യം- മധു ബംഗാരപ്പ പറഞ്ഞു.
സ്കൂളുകളിലും കോളജുകളിലും ഹിജാബ് അനുവദിക്കുന്ന വിഷയത്തിൽ 2022 ഒക്ടോബറിൽ സുപ്രീംകോടതി ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. ബി.ജെ.പി സർക്കാറിന്റെ ഹിജാബ് നിരോധനത്തെ നിലനിർത്തിയ കർണാടക ഹൈകോടതി വിധിയെ ജസ്റ്റിസ് ഹേമന്ത് ഗുപ്ത പിന്തുണച്ചപ്പോൾ ഹിജാബ് ധരിക്കുന്നതിന് ഒരു നിയന്ത്രണവും പാടില്ലെന്നായിരുന്നു ജസ്റ്റിസ് സുധാൻശു ധൂലിയയുടെ അഭിപ്രായം. കർണാടകയിലെ ഹിജാബ് നിരോധനം സംബന്ധിച്ച കേസിൽ വാദം കേൾക്കാൻ മൂന്നംഗ ബെഞ്ച് രൂപവത്കരിക്കുമെന്ന് ഈ വർഷം ജനുവരിയിൽ സുപ്രീംകോടതി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.