മനുഷ്യ-വന്യജീവി സംഘര്‍ഷം; അന്തര്‍ സംസ്ഥാന പദ്ധതികള്‍ തയാറാക്കും

ബംഗളൂരു: മനുഷ്യരും വന്യമൃഗങ്ങളും സംഘര്‍ഷ രഹിതമായി ജീവിക്കുന്നതിനുള്ള അന്തര്‍ സംസ്ഥാന പദ്ധതികള്‍ തയാറാക്കാന്‍ വിവിധ സംസ്ഥാനങ്ങളിലെ വനം മന്ത്രിമാരുടെ യോഗം തീരുമാനിച്ചു. മനുഷ്യ-വന്യജീവി സംഘര്‍ഷ പരിപാലനം സംബന്ധിച്ച് തിങ്കളാഴ്ച ബംഗളൂരുവിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ച് ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനുള്ള കേരളത്തിന്റെ കർമപദ്ധതി സമ്മേളനത്തില്‍ അവതരിപ്പിച്ചതായി സംസ്ഥാന വനം വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായുള്ള പദ്ധതികള്‍ കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ വനം വകുപ്പുകള്‍ സംയുക്തമായി തയാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കാൻ യോഗത്തില്‍ തീരുമാനമായി. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ ഭേദഗതിയും ആവശ്യപ്പെട്ടു. വന്യജീവി സങ്കേതങ്ങളിലെ മഞ്ഞക്കൊന്ന ഉള്‍പ്പെടെയുള്ള വൈദേശിക സസ്യങ്ങള്‍ നീക്കം ചെയ്യാൻ വാണിജ്യാടിസ്ഥാനത്തില്‍ പദ്ധതികള്‍ നടപ്പാക്കും. അതില്‍നിന്ന് ലഭിക്കുന്ന വരുമാനം ആവാസവ്യവസ്ഥ ശക്തപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കേന്ദ്രാനുമതി തേടും.

പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുള്ള ആനകളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പ്രത്യേക അന്തര്‍ സംസ്ഥാന നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. അതീവ പ്രശ്‌നക്കാരായ ആനകളെ പിടികൂടേണ്ടി വരുമ്പോള്‍ അവലംബിക്കുന്നതിനായി ഒരു സ്റ്റാൻഡേര്‍ഡ് ഓപറേറ്റിങ് പ്രോട്ടോകോള്‍ തയാറാക്കും.

വനപ്രദേശങ്ങള്‍ വനേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ നടപ്പാക്കുന്ന വന്‍കിട വികസന പദ്ധതികളുടെ ആകെ ചെലവിന്റെ അഞ്ച് ശതമാനമെങ്കിലും മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായി ഉപയോഗിക്കുവാന്‍ കേന്ദ്രത്തോട് അനുമതി തേടും. മൂന്ന് മാസത്തിലൊരിക്കല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍മാരുടെയും ആറ് മാസത്തിലൊരിക്കല്‍ സംസ്ഥാന മേധാവികളുടെയും അന്തര്‍ സംസ്ഥാന അവലോകന യോഗം ചേരുന്നതിനും യോഗത്തില്‍ തീരുമാനിച്ചു.

ബംഗളൂരുവിൽ നടന്ന സമ്മേളനം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, കർണാടക വനം മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ, തമിഴ്‌നാട് വനംമന്ത്രി ഡോ. മതിവേന്തന്‍, തെലങ്കാന വനം മന്ത്രി കൊണ്ട സുരേഖ, ഝാര്‍ഖണ്ഡ് വനം മന്ത്രി, കേരളത്തിലെ മുഖ്യവനം മേധാവി ഗംഗാസിങ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി. കൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

നൂതന സാ​ങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തണം -മന്ത്രി എ.കെ. ശശീന്ദ്രൻ

ജനവാസമേഖലയിലെ കാട്ടാന ആക്രമണം തടയാൻ നിർമിത ബുദ്ധി അടക്കമുള്ള നൂതന സാ​ങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തണമെന്ന് കേരള വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ലോക ആന ദിനത്തിൽ ബംഗളൂരു ജി.കെ.വി.കെ കാമ്പസിൽ കർണാടക വനം വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജി.പി.എസ് ട്രാക്കിങ് സംവിധാനത്തിലൂടെ കാട്ടാനകളുടെ നാട്ടിലേക്കുള്ള സഞ്ചാരം സംബന്ധിച്ച് മുന്നറിയിപ്പ് നൽകണം. എ.ഐ സാ​ങ്കേതിക വിദ്യകളുടെ അടിസ്ഥാനത്തിലുള്ള സംവിധാനങ്ങളും ഒരുക്കണം.

കാട്ടാന ആക്രമണം തടയാൻ തലമുറകളായി തുടർന്നുവരുന്ന പരമ്പരാഗത മാർഗങ്ങളുടെ പിന്തുണയും ഇതിനൊപ്പം ഉറപ്പുവരുത്തണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആവാസവ്യവസ്ഥ ചുരുങ്ങുന്നതും കാലാവസ്ഥാ വ്യതിയാനം, വനനശീകരണം തുടങ്ങിയവയുമാണ് കാട്ടാനകൾക്ക് ഭീഷണിയാവുന്നത്. വിശാലമായ കാഴ്ചപ്പാടിൽ പ്രകൃതി സുസ്ഥിരത ലക്ഷ്യം വെച്ച് ആനകളു​ടെ ആവാസവ്യവസ്ഥ സംരക്ഷിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. വന ഗവേഷകരും ഈ മേഖലയിലെ വിവിധ സ്ഥാപനങ്ങളുമടക്കം പ​ങ്കെടുത്ത സമ്മേളനം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. ആനകളുടെ സ്വാഭാവിക ആവാസവ്യവസ്ഥ സംരക്ഷിക്കുന്നത് ജനവാസമേഖലയിലെ കാട്ടാന ആക്രമണം കുറക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കാലാവസ്ഥാ വ്യതിയാനംമൂലമുള്ള അന്തരീക്ഷ താപനിലയിലെ മാറ്റം, കാലം തെറ്റി പെയ്യുന്ന മഴ തുടങ്ങിയവ കാരണം കാട്ടാനകളുടെ വിഭവങ്ങളിൽ കുറവുണ്ടാവുകയും അവ പുതിയ ഇടങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു. 2017ലെ സെൻസസ് പ്രകാരം 30,000 ആനകളാണ് രാജ്യത്തുള്ളത്. ഇന്ത്യയിലെ ഏകദേശം 25 ശതമാനം ആനകളും കർണാടകയിലെ കാടുകളിലാണുള്ളത്. 6395 ആനകളാണ് കർണാടകയിലുള്ളത്. 2022ലെ കടുവ സെൻസസ് പ്രകാരം, രാജ്യത്ത് കടുവകളുടെ എണ്ണത്തിൽ രണ്ടാമതുള്ളത് കർണാടകയാണ്.

ഇത് സൂചിപ്പിക്കുന്നത് കർണാടകയിലെ കാടുകളിലെ ആരോഗ്യകരമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ, അടുത്ത കാലത്തായി ജനവാസമേഖലയിലെ കാട്ടാന ആക്രമണം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ 2,500 കേസുകൾ റിപ്പോർട്ട് ചെയ്തു. 350 പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങൾക്കായി 150 കോടി കർണാടക ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. 300 കിലോമീറ്ററിൽ റെയിൽ ബാരിക്കേഡും 800 കിലോമീറ്ററിൽ സോളാർ വേലിയും പദ്ധതിയിട്ടിട്ടുണ്ട്.

2015 മുതൽ റെയിൽ ബാരിക്കേഡ് സംവിധാനം കർണാടക നടപ്പാക്കിത്തുടങ്ങിയിട്ടുണ്ടെന്നും ഇത് വനമേഖലക്ക് സമീപത്തെ കൃഷിയിടങ്ങളെ സംരക്ഷിക്കാൻ ഉതകുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കാട്ടാന ആക്രമണം തടയാൻ ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർമാരു​ടെ നേതൃത്വത്തിൽ ഒമ്പത് ടാസ്ക് ഫോഴ്സുകൾ രൂപീകരിച്ച് പ്രവർത്തിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു. സെമിനാറുകൾ, പാനൽ ചർച്ചകൾ, പ്രബന്ധ അവതരണങ്ങൾ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.

Tags:    
News Summary - human-wildlife conflict; Inter-state projects will be prepared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.