ബംഗളൂരു: ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള (എസ്.എം.ഇ) സംഘടനയായ ഇന്ത്യ എസ്.എം.ഇ ഫോറം (ഐ.എസ്.എഫ്) ഇ-കൊമേഴ്സുമായി ചേർന്ന് പ്രവർത്തിക്കാൻ ‘എട്ട് ആഴ്ചയ്ക്കുള്ളിൽ കയറ്റുമതി ആരംഭിക്കുക’ എന്ന പദ്ധതി തുടങ്ങി. ബംഗളൂരുവിൽ നടന്ന ബിസിനസ് ബിയോണ്ട് ബോർഡേഴ്സ് 2024 കോൺഫറൻസിൽ എം.എസ്.എം.ഇ മന്ത്രാലയം സഹമന്ത്രി ശോഭ കരന്ദ്ലാജെ പദ്ധതി പ്രഖ്യാപനം നിർവഹിച്ചു.
ഇന്ത്യൻ എം.എസ്.എം.ഇകൾക്ക് ആഗോള വിപണിയിൽ അവസരങ്ങളൊരുക്കാനും വെറും എട്ട് ആഴ്ചകൾക്കുള്ളിൽ കയറ്റുമതി ഒരുക്കാനും വേണ്ടിയാണ് ‘എട്ട് ആഴ്ചയിൽ കയറ്റുമതി ആരംഭിക്കുക’ എന്ന പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര വിപണി അവസരങ്ങൾ ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്ന എം.എസ്.എം.ഇകൾക്ക് സമഗ്രമായ മാർഗനിർദേശങ്ങളും നെറ്റ്വർക്കിങ് അവസരങ്ങളും സൗജന്യമായി നൽകും. രാജ്യത്തിന്റെ വികസന കാഴ്ചപ്പാടിലേക്ക് സംഭാവന നൽകുന്നതിൽ എം.എസ്.എം.ഇകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അവരുടെ വിജയം നമ്മുടെ രാജ്യത്തിന് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ഉൽപന്നങ്ങൾ അന്തർദേശീയ കയറ്റുമതി നിലവാരം പുലർത്തേണ്ടതുണ്ട്.
ഇ-കൊമേഴ്സ് ഒരു ഗെയിം ചെയ്ഞ്ചറായി മാറിയെന്നും പരമ്പരാഗത വ്യാപാര തടസ്സങ്ങൾ തകർത്ത് ചെറുകിട സംരംഭങ്ങൾക്കുപോലും അന്താരാഷ്ട്ര ഉപഭോക്താക്കളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുമെന്നും ഇന്ത്യ എസ്.എം.ഇ ഫോറം പ്രസിഡന്റ് വിനോദ് കുമാർ പറഞ്ഞു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ, പരമ്പരാഗത കയറ്റുമതിയുടെ ലോജിസ്റ്റിക് വെല്ലുവിളികളെ മറികടക്കാൻ എം.എസ്.എം.ഇകൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വിദേശ വ്യാപാര ജോയന്റ് ഡയറക്ടർ ജനറൽ (ഡി.ജി.എഫ്.ടി) ഡോണ ഘോഷ്, ആമസോൺ ഇന്ത്യ ഗ്ലോബൽ ട്രേഡ് മേധാവി ഭൂപെൻ വകാങ്കർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ സെഷനുകൾ, വർക്ക്ഷോപ്പുകൾ, ബിടുബി മീറ്റുകൾ എന്നിവയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.