ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളൂരു എഫ്.സി ഈ സീസണിലെ തങ്ങളുടെ ഹോം മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ചു. കണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ ഏറ്റവും കുറഞ്ഞ ഗാലറി ടിക്കറ്റ് നിരക്ക് 99 രൂപയായാണ് നിശ്ചയിച്ചത്. വെള്ളിയാഴ്ച രാത്രി 7.30ന് നടക്കുന്ന നോർത്ത് ഈസ്റ്റ് യുനൈറ്റഡുമായുള്ള മത്സരം മുതൽ ഈ നിരക്ക് ബാധകമാണെന്ന് ബംഗളൂരു എഫ്.സി അധികൃതർ അറിയിച്ചു. അതേസമയം, ഡിസംബർ എഴിന് കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടക്കുന്ന മത്സരത്തിൽ ഈ നിരക്ക് ബാധകമാവില്ലെന്നും ക്ലബ് അധികൃതർ വ്യക്തമാക്കി. കണ്ഠീരവയിൽ നടക്കുന്ന ഐ.എസ്.എൽ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ എവേ ഫാൻസ് എത്തുന്ന മത്സരം ബംഗളൂരു എഫ്.സി-കേരള ബ്ലാസ്റ്റേഴ്സ് മത്സരമാണ്. ഇത് മുതലെടുക്കുന്ന തരത്തിലുള്ള തീരുമാനമാണ് ബി.എഫ്.സി ക്ലബ് മാനേജ്മെന്റിന്റേതെന്നും മാന്യതക്ക് നിരക്കുന്നതല്ലെന്നും ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതികരിച്ചു.
പുതുക്കിയ നിരക്ക് പ്രകാരം, ബി.എഫ്.സി ആരാധകരായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന്റെ ഗാലറിയായ വെസ്റ്റ് പ്ലാറ്റിനത്തിന് 499 രൂപയാണ് ടിക്കറ്റ് ചാർജ്. വൈറ്റ് ഗോൾഡ് സ്റ്റാൻഡ്, പ്യൂമ സ്റ്റാൻഡ് എന്നിവക്ക് 349ഉം ഈസ്റ്റ് ലോവർ എ സ്റ്റാൻഡിന് 299ഉം നോർത്ത് അപ്പർ സ്റ്റാൻഡിന് 99ഉം ആണ് നിരക്ക്.കണ്ഠീരവ സ്റ്റേഡിയത്തിൽ ബംഗളൂരു എഫ്.സിയുടെ ഹോം മത്സരങ്ങൾക്ക് ശരാശരി 10,000ത്തോളം കാണികൾ എത്തുന്നുണ്ടെന്നാണ് ക്ലബ് അധികൃതരുടെ കണക്ക്. കൂടുതൽ ആരാധകരെ സ്റ്റേഡിയത്തിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് നിരക്ക് കുറച്ചതെന്ന് ക്ലബ് അറിയിച്ചു.
ഐ.എസ്.എൽ മത്സര ഷെഡ്യൂൾ ആദ്യ പകുതിയിലേക്ക് അടുക്കുമ്പോൾ നിലവിൽ പോയന്റ് പട്ടികയിൽ ഒന്നാമതാണ് മുൻ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സി. കളിച്ച എഴു മത്സരങ്ങളിൽ നിന്ന് 16 പോയന്റാണ് സമ്പാദ്യം. ഇതിൽ അഞ്ചു ജയവും ഒരു സമനിലയും ഒരു തോൽവിയുമാണുള്ളത്. ഹോം മത്സരങ്ങളിൽ ഈ സീസണിൽ തോൽവിയറിയാത്ത ടീം കൂടിയാണ് ബംഗളൂരു എഫ്.സി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.