ബംഗളൂരു: എൻ.ഡി.എയിൽ ചേർന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തോട് എതിർപ്പുള്ള നേതാക്കളെ ഒരുമിച്ചുചേർക്കാനായി ജെ.ഡി.എസ് ദേശീയ വൈസ് പ്രസിഡന്റ് സി.കെ. നാണു കേരളത്തിൽ വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നതിന് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ വിലക്ക്.
നവംബർ 15ന് തിരുവനന്തപുരം വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലാണ് യോഗം വിളിച്ചിരിക്കുന്നത്. ഇതിൽ പാർട്ടി നിർവാഹകസമിതി അംഗങ്ങളാരും പങ്കെടുക്കരുതെന്നാണ് ഗൗഡയുടെ നിർദേശം.
യോഗം വിളിക്കാൻ സി.കെ. നാണുവിന് ദേശീയ അധ്യക്ഷൻ അനുമതി നൽകിയിട്ടില്ല. ആധികാരികതയില്ലാതെയാണ് യോഗം വിളിച്ചത്. ഇത് പാർട്ടി ഭരണഘടനയുടെ ലംഘനമാണെന്നും നിർദേശത്തിൽ പറയുന്നു.
ദേശീയ സെക്രട്ടറി ജനറൽ കെ.ആർ. ശിവകുമാറാണ് ഇതുസംബന്ധിച്ച വാർത്താക്കുറിപ്പ് ഇറക്കിയത്. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യത്തിൽ ചേർന്നതിൽ നിരവധി നേതാക്കൾക്ക് എതിർപ്പുണ്ട്. ഇവരെ ഒരുമിച്ചുചേർത്ത് ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുകയാണ് കേരളത്തിലെ യോഗത്തിലൂടെ ലക്ഷ്യമിടുന്നത്.
സഖ്യത്തെ എതിർത്തതിന്റെ പേരിൽ സ്ഥാനത്തുനിന്ന് പുറത്തായ കർണാടക മുൻ സംസ്ഥാന പ്രസിഡന്റ് സി.എം. ഇബ്രാഹിമും യോഗത്തിനെത്തുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.