ബംഗളൂരു: സംസ്ഥാനത്തെ കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും കന്നഡ ബോർഡ് നിർബന്ധമാക്കിയത് കർശനമായി നടപ്പാക്കാൻ സർക്കാർ നിർദേശം. ഫെബ്രുവരി 28നകം ഉത്തരവ് നടപ്പിലാക്കണമെന്നാണ് നിർദേശം. ബംഗളൂരു നഗരത്തിൽ ഉത്തരവ് നടപ്പാക്കുമെന്ന് ബി.ബി.എം.പി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. നെയിം ബോർഡുകളിൽ കന്നഡ പ്രാമുഖ്യം ലഭിക്കുന്ന വിധത്തിലാണ് പേരെഴുതേണ്ടത്. 60 ശതമാനം വലിപ്പത്തിൽ കന്നഡയിലും ബാക്കി 40 ശതമാനം മറ്റു ഭാഷകളിലുമാവാം.
ബംഗളൂരു നഗരത്തിൽ 1400 കിലോമീറ്റർ റോഡിലായി നിരവധി സ്ഥാപനങ്ങളുണ്ടെന്നും എല്ലാവരും നിബന്ധന പാലിക്കാൻ ബാധ്യസ്ഥരാണെന്നും ഗിരിനാഥ് പറഞ്ഞു.
ബോർഡുകൾ നിയമപ്രകാരം സ്ഥാപിച്ചിട്ടുണ്ടോ എന്നറിയാൻ സർവെ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സർവെയിൽ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് അന്ത്യശാസനവുമായി നോട്ടീസ് നൽകും. ഫെബ്രുവരി 28ന് ശേഷവും നിർദേശം പാലിക്കാത്തവർക്ക് പിഴ ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഉത്തരവ് നിലവിലുണ്ടെങ്കിലും കർശനമാക്കിയിരുന്നില്ല. കന്നഡ അനുകൂല സംഘടനകൾ ഇതുസംബന്ധിച്ച് ഞായറാഴ്ച ബി.ബി.എം.പി കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുമ്പ് കന്നഡ അനുകൂല സംഘടന പ്രവർത്തകർ കന്നഡ ബോർഡുകളുടെ പേരിൽ കടയുടമകളെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങൾ അരങ്ങേറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.