ബംഗളൂരു: കർണാടകയിൽ സദാചാര പൊലീസിങ്ങിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കോൺഗ്രസ് സർക്കാർ. ചൊവ്വാഴ്ച വിളിച്ചുചേർത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സർക്കാർ നയം വ്യക്തമാക്കിയത്. പൊലീസിലെ കാവിവത്കരണവും കർശനമായി നേരിടുമെന്ന് ഡി.കെ. ശിവകുമാർ മുന്നറിയിപ്പ് നൽകി.
ബി.ജെ.പി സർക്കാറിന്റെ കാലത്ത് പ്രവർത്തിച്ചതുപോലെ കോൺഗ്രസ് സർക്കാറിന്റെ കാലത്ത് പ്രവർത്തിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘‘മയക്കുമരുന്നിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. സദാചാര പൊലീസ് ഉണ്ടാവില്ല. കാവിയണിഞ്ഞ പൊലീസും ഉണ്ടാവില്ല. ഗുണ്ടാപ്രവർത്തനങ്ങൾ തടയാൻ എല്ലാ ഉദ്യോഗസ്ഥരും ബാധ്യസ്ഥരാണ്’’ -ശിവകുമാർ വ്യക്തമാക്കി.
ബി.ജെ.പി സർക്കാറിന്റെ കാലത്ത് പൊലീസ് സ്റ്റേഷനുകളിൽ കാവിഷാൾ അണിയുകയും പൊലീസ് സ്റ്റേഷനിൽ കാവി നിറമടിക്കുകയും ചെയ്ത സംഭവങ്ങളിൽ മേലുദ്യോഗസ്ഥരെ ശിവകുമാർ മാറ്റിയതായി അറിയുന്നു. സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പോസ്റ്റുകൾ ഇടുന്നവർക്കെതിരെ സ്വമേധയാ കേസെടുക്കാനും സർക്കാർ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.