ബംഗളൂരു: രക്ഷിതാക്കളെയും വിദ്യാർഥികളെയും ഒരുപോലെ വട്ടം കറക്കി സർക്കാറിന്റെയും സ്വകാര്യ സ്കൂൾ മാനേജ്മെന്റുകളുടെയും കോടതി വ്യവഹാരം. 5,8,9,11 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ സംസ്ഥാന ബോർഡുമായി അഫിലിയേറ്റ് ചെയ്ത സ്കൂളുകളിൽ നടത്താൻ അനുമതി നൽകി കർണാടക ഹൈകോടതി ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച ഉത്തരവിട്ടു. നേരത്തെ, ഈ ക്ലാസുകളിലേക്കുള്ള ബോർഡ് പരീക്ഷ അനുവദിച്ച ഹൈകോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സ്കൂൾ മാനേജ്മെന്റുകാരുടെ സംഘടനയായ രജിസ്ട്രേഡ് അൺ എയ്ഡഡ് പ്രൈവറ്റ് സ്കൂൾസ് മാനേജ്മെന്റ് അസോസിയേഷന്റെ (ആർ.യു.പി.എസ്.എ) കർണാടക ഘടകം സുപ്രീം കോടതിയെ സമീപിക്കുകയും അനുകൂല സ്റ്റേ ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു. ഹൈകോടതി ഡിവിഷൻ ബെഞ്ചിൽനിന്ന് അന്തിമ ഉത്തരവ് വരുന്നതുവരെ ബോർഡ് പരീക്ഷകൾ നടത്തേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷിച്ച് തീരുമാനമെടുക്കാൻ കർണാടക ഹൈകോടതി ഡിവിഷൻ ബെഞ്ചിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യത്തിലാണ് വെള്ളിയാഴ്ച ഹൈകോടതിയുടെ ഇടപെടൽ ഉണ്ടായത്. ഈ അക്കാദമിക വർഷത്തിൽത്തന്നെ പരീക്ഷ നടത്താനാണ് ഹൈകോടതി കർണാടക സർക്കാറിന് നൽകിയ നിർദേശം.
ബോർഡ് പരീക്ഷ വിഷയത്തിൽ കർണാടക സർക്കാറും സ്വകാര്യ സ്കൂൾ മാനേജ്മെന്റുകളും നടത്തുന്ന നിയമപോരാട്ടത്തിൽ വിദ്യാർഥികളാണ് ബലിയാടുകളാവുന്നതെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. വേനലവധി അടുത്തിട്ടും ബോർഡ് പരീക്ഷ നടക്കുമോ ഇല്ലയോയെന്ന ആശങ്കയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും. മലയാളികളടക്കം നിരവധി ഇതരസംസ്ഥാന വിദ്യാർഥികൾ ബംഗളൂരുവിലും മൈസൂരുവിലും മറ്റു നഗരങ്ങളിലും സ്കൂളുകളിൽ പഠിക്കുന്നുണ്ട്. ഹോളി, ഈസ്റ്റർ, പെരുന്നാൾ, വിഷു, ഉഗാദി തുടങ്ങി അവധി ദിനങ്ങൾ കൂടി വരുന്നതിനാൽ നാട്ടിലേക്ക് മാതാപിതാക്കൾക്കൊപ്പം മടങ്ങേണ്ട വിദ്യാർഥികളാണ് ശരിക്കും പ്രയാസത്തിലായത്.
കുട്ടികളെ നാട്ടിലെ സ്കൂളുകളിലേക്ക് മാറ്റാൻ ആഗ്രഹിച്ച രക്ഷിതാക്കളും ദുരിതത്തിലായി. പുതിയ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ, ഇനി സർക്കാർ 5,8,9,11 ക്ലാസുകളിലെ ബോർഡ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചാലും അടുത്തയാഴ്ച എസ്.എസ്.എൽ.സി പരീക്ഷ ആരംഭിക്കുന്നതിനാൽ അതു പൂർത്തിയായാലേ പരീക്ഷ നടത്താനാവൂ. പരീക്ഷ നടത്തിയാലും ഫലപ്രഖ്യാപനത്തിനും സമയമെടുക്കും. ഫീസ് മുഴുവൻ വിദ്യാർഥികളിൽനിന്ന് സ്കൂൾ അധികൃതർ കൈപ്പറ്റിയതിനാൽ പരീക്ഷ നീളുന്നത് സംബന്ധിച്ച് മാനേജ്മെന്റിന് ആശങ്കയൊന്നുമില്ലെന്ന് രക്ഷിതാക്കൾ കുറ്റപ്പെടുത്തുന്നു.
2022ലാണ് 5,8 ക്ലാസുകളിലേക്ക് ബോർഡ് പരീക്ഷ സർക്കാർ പ്രഖ്യാപിച്ചത്. 9,11 ക്ലാസുകളിലേക്ക് കഴിഞ്ഞ സെപ്റ്റംബറിലും ബോർഡ് പരീക്ഷ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലടക്കം ഈ ക്ലാസുകളിലേക്ക് ബോർഡ് പരീക്ഷ നടത്തണമെന്ന് കർണാടക സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
5, 8, 9, 11 ക്ലാസുകളിൽ ബോർഡ് പരീക്ഷ നടത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ സ്വകാര്യ അൺ എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് സംഘടനയായ ആർ.യു.പി.എസ്.എ കർണാടക ഘടകം നൽകിയ ഹരജി കർണാടക ഹൈകോടതിയുടെ സിംഗിൾ ബെഞ്ചാണ് ആദ്യം പരിഗണിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് മാർച്ച് ആറിന് സിംഗിൾ ബെഞ്ച് റദ്ദാക്കി. ഇതിനെതിരെ സംസ്ഥാന സർക്കാർ ഹൈകോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു.
ജസ്റ്റിസ് കെ. സോമശേഖർ, രാജേഷ് റായ് കെ. എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച്, ബോർഡ് പരീക്ഷകളിൽ അനുമതി നൽകി മാർച്ച് ഏഴിന് താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചു. ബോർഡ് പരീക്ഷ നടത്താനുള്ള സംസ്ഥാന സർക്കാറിന്റെ വിജ്ഞാപനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ ആർ.യു.പി.എസ്.എ സുപ്രീം കോടതിയെ സമീപിച്ചു.
ഈ ഹരജി മാർച്ച് 12ന് പരിഗണിച്ച സുപ്രീം കോടതി, ബോർഡ് പരീക്ഷകൾ അനുവദിച്ച കർണാടക ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ താൽക്കാലിക ഉത്തരവിന് സ്റ്റേ നൽകി. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ ഒരു കുട്ടിയും ബോർഡ് പരീക്ഷ പാസാകേണ്ടതില്ലെന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ബേല എം. ത്രിവേദി, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. ഇതേ ത്തുടർന്ന് 5,8,9,11 വിദ്യാർഥികൾക്കുള്ള ബോർഡ് പരീക്ഷകൾ കർണാടക സർക്കാർ മാറ്റിവെച്ചിരുന്നു. ഹൈകോടതിയിൽനിന്ന് വീണ്ടും അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാഭ്യാസ വകുപ്പ് ബോർഡ് പരീക്ഷാ തീയതി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.