ജി. പരമേശ്വര

ഹിന്ദുമതത്തിന്റെ ഉറവിടം ചോദ്യംചെയ്ത് കർണാടക ആഭ്യന്തരമന്ത്രി

ബംഗളൂരു: സനാതന ധർമം സംബന്ധിച്ച വിവാദത്തിൽ പ്രസ്താവനയുമായി കർണാടക ആഭ്യന്തരമന്ത്രിയും ദലിത് നേതാവുമായ ഡോ. ജി. പരമേശ്വരയും. ഹിന്ദുമതം എന്നത് ആര് സ്ഥാപിച്ചതാണെന്ന ചോദ്യമാണ് അദ്ദേഹമുയർത്തിയത്. തുമകുരുവിലെ കൊരട്ടഗരെയിലെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പല മതങ്ങളെയും അവയുടെ ഉദ്ഭവത്തെയും കുറിച്ചറിയാമെന്നും എന്നാൽ, ഹിന്ദു ധർമ എങ്ങനെ രൂപപ്പെട്ടുവെന്ന് ആർക്കുമറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ലോകത്ത് പല മതങ്ങളുമുണ്ട്. എപ്പോഴാണ് ഹിന്ദു ധർമ ഉണ്ടായത്? എവിടെയാണ് അത് ഉണ്ടായത്? അത് ഉത്തരം ക​ണ്ടെത്തേണ്ട ചോദ്യമാണ്. ബുദ്ധമതവും ജൈനമതവും ഈ രാജ്യത്താണ് പിറന്നത്. ഇസ്‍ലാമും ക്രൈസ്തവതയും പുറത്തുനിന്ന് വന്നതാണ്. ഇതേക്കുറിച്ച് വിശകലനം നടത്തുന്നത് നല്ല കാര്യമാണ് -പരമേശ്വര പറഞ്ഞു. എല്ലാ മതങ്ങളുടെയും അടിസ്ഥാനമാണ് ഹിന്ദുത്വം നൽകുന്നതെന്ന് ബി.ജെ.പി പാർലമെന്റംഗം ഡി.വി. സദാനന്ദ ഗൗഡ പ്രതികരിച്ചു. ഹിന്ദുത്വത്തിന്റെ വേരുകൾ കണ്ടെത്താനാവില്ല. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ളതാണത്. മറ്റു മതങ്ങൾ അതിനുശേഷം വന്നവയാണ്. ഹിന്ദുത്വത്തിൽനിന്നാണ് വ്യത്യസ്ത മതങ്ങൾ ശാഖയായി വളർന്നതെന്നും സദാനന്ദ ഗൗഡ പറഞ്ഞു.

പരമേശ്വരയടക്കമുള്ളവർ ഇടതുപക്ഷ ആശയങ്ങളുടെ സ്വാധീനത്തിൽപെട്ടിരിക്കുകയാണെന്ന് ഡോ. അശ്വത് നാരായൺ എം.എൽ.എ വിമർശിച്ചു. പരമേശ്വരയുടെ പരാമർശം അപലപനീയമാണെന്ന് ബി.ജെ.പി എം.എൽ.സി കോട്ട ശ്രീനിവാസ പൂജാരി പറഞ്ഞു.

സംസ്ഥാനത്ത് പല പ്രശ്നങ്ങളുമുണ്ട്. അതിലൊന്നും ശ്രദ്ധിക്കാതെ അനാവശ്യ പ്രസ്താവന നടത്തുകയാണ് ആഭ്യന്തര മന്ത്രി. പരമേശ്വര ഹിന്ദു സമുദായത്തെ കളിയാക്കുകയാണെന്ന് ബി.ജെ.പി കർണാടക ജനറൽ സെക്രട്ടറി എൻ. രവികുമാർ കുറ്റപ്പെടുത്തി.

Tags:    
News Summary - Karnataka Home Minister questions the source of Hinduism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.