ബംഗളൂരു: കെ. സുധാകരൻ എം.പി വൻതോതിൽ മദ്യം വിതരണം ചെയ്ത് നടത്തിയ വിജയാഘോഷത്തിന് അനുമതി നൽകിയത് സംബന്ധിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുൾപ്പെടെയുള്ള നേതൃത്വം മറുപടി പറയണമെന്ന് കെ.പി.സി.സി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു. മുൻ ആരോഗ്യ മന്ത്രി കൂടിയായ ചിക്കബല്ലാപുർ ബി.ജെ.പി എം.പിയാണ് നെലമംഗളയിൽ ആഘോഷം സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് ആർ. അശോകയും ബി.ജെ.പി, ജെ.ഡി.എസ് നേതാക്കളും പങ്കെടുത്തിരുന്നു.
‘നെലമംഗളയിൽ നടന്ന പൊതുചടങ്ങളിൽ മദ്യം വിതരണം ചെയ്തിരിക്കുകയാണ്. കേസെടുക്കുന്നത് മറ്റൊരു വിഷയം. പക്ഷേ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ഇതിന് നിർബന്ധമായും ഉത്തരം പറയണം. എങ്ങനെയാണ് എം.പിക്ക് മദ്യം വിതരണം ചെയ്യാൻ അനുമതി ലഭിച്ചത്’? പൊതുയോഗങ്ങളിൽ മദ്യം വിതരണം ചെയ്തുകൊണ്ട് എങ്ങനെയാണ് ബി.ജെ.പി അവരുടെ സംസ്കാരം ഉയർത്തിപ്പിടിക്കുന്നതെന്ന് ബി.ജെ.പി ദേശീയ നേതാക്കൾ ജനങ്ങളോട് പറയണമെന്ന് ഡി.കെ. ശിവകുമാർ അഭിപ്രായപ്പെട്ടു. ലോറികളില്‍ കൊണ്ടുവന്ന മദ്യക്കുപ്പികള്‍ ശേഖരിക്കാൻ സ്ഥലത്ത് ആളുകളുടെ നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു.
പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഇതെല്ലാം. പരിപാടിയുടെ സുരക്ഷക്കായി ഉദ്യോഗസ്ഥരെ വിന്യസിക്കണം എന്നാവശ്യപ്പെട്ട് എം.പി പൊലീസ് അധികൃതർക്ക് എഴുതിയ കത്തിൽ മദ്യം വിളമ്പുമെന്ന് കൃത്യമായി പറഞ്ഞിരുന്നു. ‘ഉച്ചക്ക് 12.30 മുതല്‍ സ്റ്റേജ് പരിപാടി ആരംഭിക്കും. അതില്‍ ഭക്ഷണവും മദ്യവും നല്‍കുന്നതായിരിക്കും’ -എന്നായിരുന്നു ബി.ജെ.പി നേതാവ് പൊലീസിന് നല്കിയ ഔദ്യോഗിക കത്തില്‍ പറഞ്ഞിരുന്നത്. പരിപാടിയില്‍ മദ്യം വിളമ്പരുതെന്ന് ബംഗളൂരു റൂറല്‍ പൊലീസ് സൂപ്രണ്ട് സി.കെ. ബാബ എം.പിയോട് പറഞ്ഞതാണ്.
നിർദേശം ലംഘിച്ചാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പും നല്കി. പരിപാടിയില്‍ മദ്യം വിളമ്പരുതെന്ന് സംഘാടകരോട് പറയുകയും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ കേസെടുക്കുമെന്നും അവരോട് പറഞ്ഞിരുന്നു. എന്നാല്‍ മദ്യം വിളമ്പാൻ എക്സൈസ് വകുപ്പിന്റെ അനുമതി വാങ്ങുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.