ബംഗളൂരു: ഹാസനിൽ ദേശീയപാത 206ൽ ടെമ്പോ ട്രാവലറും പാൽ കയറ്റിയ വാനും കർണാടക ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് കുട്ടികളടക്കം ഒമ്പതുപേർ മരിച്ചു. അരസിക്കരെക്കും ബാണവരക്കുമിടയിൽ ചെലുവനഹള്ളിയിൽ ശനിയാഴ്ച രാത്രിയാണ് അപകടം. ധർമസ്ഥലയിലും കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലും ദർശനം നടത്തി മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപെട്ട ടെമ്പോ ട്രാവലറിലുണ്ടായിരുന്നത്. ബാണവറക്കടുത്ത വില്ലേജ് സ്വദേശികളാണ് അപകടത്തിൽപെട്ടത്.
ദൊഡ്ഡഹള്ളി സ്വദേശികളായ ധ്രുവ (രണ്ട്), തന്മയ് (10), സാലാപുര വില്ലേജിലെ ലീലാവതി (50), ചൈത്ര (33), സമർഥ് (10), ഡിംപി (12), വന്ദന (20), ഭാരതി (50), ദൊഡ്ഡയ്യ (60) എന്നിവരാണ് മരിച്ചത്.
മരിച്ച ഒമ്പതുപേരും ട്രാവലറിൽ യാത്രചെയ്തവരാണെന്ന് ഹാസൻ എസ്.പി ഹരിറാം ശങ്കർ പറഞ്ഞു. ശിവമൊഗ്ഗ ഭാഗത്തേക്ക് പോവുകയായിരുന്ന കർണാടക ആർ.ടി.സി ബസ് എതിരെ വന്ന പാൽ ടാങ്കറിലിടിച്ച് ടെമ്പോ ട്രാവലറിൽ ഇടിക്കുകയായിരുന്നു. ഹൈവേ വീതികൂട്ടുന്ന പ്രവൃത്തി നടക്കുന്നതിനാൽ മുന്നറിയിപ്പ് ബോർഡ് വകവെക്കാതെ തെറ്റായ ദിശയിൽ കടന്നുവന്ന ടാങ്കറാണ് അപകടത്തിനു വഴിവെച്ചത്.ബസിനും ടാങ്കറിനുമിടയിൽ ട്രാവലർ ഞെരിഞ്ഞമർന്നു. പരിക്കേറ്റവരിൽ 10 പേരെ ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. രണ്ടുപേർ അരസിക്കരെയിലെ ഗവ. ആശുപത്രിയിൽ ചികിത്സ തേടി. ബാണവറ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.