ബംഗളൂരു: നഗരത്തിൽ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നു. പൊതുജനങ്ങള്‍ ഇക്കാര്യത്തിൽ അതിജാഗ്രത പുലര്‍ത്തണമെന്ന് സിറ്റി പൊലീസ്. മൊബൈല്‍ ഫോൺ, ലാപ്ടോപ് തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഏറെ ജാഗ്രത പുലര്‍ത്തണം. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ ബി. ദയാനന്ദ് കഴിഞ്ഞ ദിവസം ‘എക്സി’ലൂടെ നിര്‍ദേശങ്ങള്‍ നൽകിയിരുന്നു.
വ്യക്തികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളുടെ പാസ്വേഡുകള് മറ്റുള്ളവര്‍ ഊഹിച്ചെടുത്ത് ഈ അക്കൗണ്ടുകള്‍ മോശം രീതിയില്‍ ഉപയോഗിക്കുന്ന സംഭവങ്ങള്‍ ഏറുകയാണ്. അതിനാല്‍ എളുപ്പമുള്ള പാസ്വേഡുകള് നൽകരുത്. മൊബൈല്‍ ഫോണും ലാപ്ടോപ്പുമെല്ലാം സുരക്ഷിതമായ പാസ്വേഡുകള് ഉപയോഗിച്ച് സംരക്ഷിക്കണം. എല്ലായിടത്തും ഒരേ പാസ്വേഡ് ഉപയോഗിക്കരുത്. പാസ്വേഡുകള് ഇടക്കിടെ മാറ്റണം. അജ്ഞാത ഉറവിടങ്ങളില്‍നിന്നോ അപരിചിതരില്നിന്നോ വരുന്ന ഇ-മെയിലുകളും മെസേജുകളും ജാഗ്രതയോടെ കൈകാര്യം ചെയ്യണം.
ഉപകരണങ്ങളിലെ സോഫ്റ്റ് വെയറുകള്‍ കൃത്യമായ ഇടവേളകളില്‍ അപ്ഡേറ്റ് ചെയ്യുന്നത് ഹാക്ക് ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ സഹായിക്കും. ഓൺലൈന്‍ വ്യാപാരത്തിനായി ഇ-കോമേഴ്സ് പോര്‍ട്ടലുകള്‍ തിരഞ്ഞെടുക്കുമ്പോഴും ഏറെ ജാഗ്രത വേണം. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ബംഗളൂരുവിൽ സൈബർ തട്ടിപ്പുകാർ നഗരവാസികളിൽനിന്ന് തട്ടിയെടുത്തത് 470 കോടിയാണ്. ദിനേന 1.71 കോടി രൂപ എന്ന രൂപത്തിലാണ് സൈബർ കുറ്റവാളികൾ ബംഗളൂരുവിൽ നിന്ന് പണം തട്ടിയെടുക്കുന്നത്. ഓൺലൈനിലൂടെയുള്ള തൊഴിൽ തട്ടിപ്പ്, ബിറ്റ്കോയിൻ തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളും ഈ ഗണത്തിൽ പെടും. സംസ്ഥാനത്ത് ബംഗളൂരുവിലാണ് ഏറ്റവും കൂടുതൽ സൈബർ തട്ടിപ്പുസംഭവങ്ങൾ ഉണ്ടായിരിക്കുന്നത്.
2023 ജനുവരി ഒന്നുമുതൽ സെപ്റ്റംബർ 20 വരെ 12615 കേസുകളാണ് നഗരത്തിൽ മാത്രം ഉണ്ടായതെന്ന് സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ പറയുന്നു. ഇത്രയും സംഭവങ്ങളിൽ 28.4 കോടി രൂപ പൊലീസിന് കണ്ടെടുക്കാനായി. 27.6 കോടി രൂപ പരാതിക്കാർക്ക് തിരിച്ചുനൽകാനുമായി. സൈബർ കുറ്റകൃത്യങ്ങളിൽ ആകെ നഷ്ടപ്പെട്ടതിൽ 201 കോടി രൂപ മരവിപ്പിക്കാനും പൊലീസിനായി. ഇതിലൂടെ ഈ പണം കുറ്റവാളികൾ കൈമാറ്റം ചെയ്യുന്നത് തടയാനായി. ഏറ്റവും കൂടുതൽ പേർ കബളിപ്പിക്കപ്പെടുന്നത് ഓൺലൈൻ തൊഴിൽ തട്ടിപ്പിലാണ്. ഇത്തരത്തിൽ നഷ്ടപ്പെട്ടിരിക്കുന്നത് 204 കോടി രൂപയാണ്.
ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.