ബംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റ് സംഘടിപ്പിച്ച സാഹിത്യ സായാഹ്നത്തിൽ എഴുത്തുകാരനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുധാകരൻ രാമന്തളി ‘എഴുത്തും ജീവിതവും’ വിഷയത്തിൽ പ്രഭാഷണം നടത്തി.
സത്യസന്ധതയോ സമർപ്പണ ബുദ്ധിയോ സ്വഭാവദാർഢ്യമോ ഇല്ലാത്ത ഒരു സമൂഹത്തിൽ സ്വന്തം സർഗസൃഷ്ടികൊണ്ട് തന്റെ വ്യക്തിത്വത്തെ സംരക്ഷിക്കുകയാണ് എഴുത്തുകാരനെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ക്രമാനുഗതമായ വികാസപരിണാമങ്ങൾ ഏറ്റവുമധികം സംഭവിച്ച മലയാള സാഹിത്യരൂപം ചെറുകഥയാണെന്നും പഴയതും പുതിയതുമായ പ്രമേയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നവീനമായ രൂപവും സംവേദകത്വവും പ്രദാനം ചെയ്ത് കഥകളെ ജൈവവും ചലനാത്മകവുമാക്കിത്തീർക്കുകയാണ് പുതിയ കഥാകൃത്തുക്കളെന്നും സുധാകരൻ രാമന്തളി കൂട്ടിച്ചേർത്തു.
സമാജം പ്രസിഡന്റ് അഡ്വ. പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിച്ചു. കുവൈത്ത് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് സമാജം അനുശോചനം രേഖപ്പെടുത്തി. സതീഷ് തോട്ടശ്ശേരി രചിച്ച ‘പവിഴമല്ലി പൂക്കും കാലം’ എന്ന ചെറുകഥ സമാഹാരത്തെക്കുറിച്ചുള്ള പുസ്തക ചർച്ച ശാന്തകുമാർ എലപ്പുള്ളി ഉദ്ഘാടനം ചെയ്തു. സ്വർണ ജിതിൻ, രാജേഷ് എൻ.കെ, വിന്നി രാകേഷ്, പ്രദീപ് പൊടിയൻ, പത്മനാഭൻ നായർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സതീഷ് തോട്ടശ്ശേരിയെ ചടങ്ങിൽ ആദരിച്ചു. വിന്നി രാകേഷ്, സ്വർണ ജിതിൻ, സന്ധ്യ വേണു, വസന്ത രാമൻ, ഗോപിക എന്നിവർ കവിതകൾ ആലപിച്ചു. പത്മനാഭൻ എം. സ്വാഗതവും, ശിവദാസ് എടശ്ശേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.