ബംഗളൂരു: ‘കേരള സ്റ്റോറി’ക്ക് പിന്നിലെ സംഘപരിവാര്‍ ഗൂഢാലോചന അടിവരയിടുന്നതാണ് കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗമെന്ന് മുൻ കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രധാനമന്ത്രിയെപ്പോലെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ഒരു വ്യക്തി തെരെഞ്ഞെടുപ്പില്‍ വോട്ട് കിട്ടാന്‍ വേണ്ടി ഇത്തരത്തില്‍ പ്രചരണം നടത്തുന്നത് ഒട്ടും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കർണാടക മലയാളി കോൺഗ്രസ്സ് ടി.എസ്.എൽ ലേഔട്ടിൽ ബംഗളൂരു സൗത്ത് മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി ആ.കെ രമേഷിന്റെ തെരഞ്ഞെടുപ്പ് യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള സ്റ്റോറിയെ കോണ്‍ഗ്രസ് എതിര്‍ക്കുന്നു എന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് കേരള സ്‌റ്റോറിയെ എതിര്‍ക്കുന്നുണ്ട്. കേരളത്തെപ്പറ്റി വളരെ മോശമായ കാഴ്ചപ്പാട് രാജ്യത്തും രാജ്യത്തിനും പുറത്തും നല്‍കാനുള്ള ശ്രമമാണ് ഈ സിനിമ. 32,000 ഹിന്ദുക്കളായ സ്ത്രീകള്‍ മുസ്‍ലിംകളായി മതംമാറുന്നു എന്ന പ്രചരണം ഈ സ്റ്റോറിയില്‍ ഉണ്ടെന്നാണ് പ്രൊമോ കണ്ടപ്പോള്‍ മനസ്സിലായത്. അത് ശരിയല്ല. ഈ സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തിയാണ് ഞാൻ. ഇന്റലിജന്‍സിലൂടെ എല്ലാ വിവരങ്ങളും ലഭ്യമാണ്.
ഇത്തരത്തില്‍ കേരളത്തില്‍ നടക്കാത്ത ഒരു കാര്യം നടന്നു എന്ന് പ്രചരിപ്പിച്ച് കേരളത്തിന്റെ യശസിനെയും മഹത്തായ മതേതര പാരമ്പര്യങ്ങളെയും തകര്‍ക്കാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ല. തീവ്രവാദത്തിനെതിരെ ഏറ്റവും വലിയ പോരാട്ടം നടത്തിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ഈ പോരാട്ടത്തിൽ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയുമാണ്. അങ്ങനെയുള്ള കോണ്‍ഗ്രസിനെ തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം മോദി പഠിപ്പിക്കേണ്ടതില്ല. കേരളത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദവും ഐക്യവും തകര്‍ക്കാനും ബി.ജെ.പിക്ക് കാലുറപ്പിക്കാനും നടത്തുന്ന ഗൂഢ ശ്രമങ്ങളിൽ ഒന്ന് മാത്രമായെ ‘കേരള സ്‌റ്റോറി’യെ കാണുന്നുള്ളൂ.
ഇത് പോലെ തന്നെയാണ് കക്കുകളി നാടകവും. ഇത് ക്രൈസ്തവ സന്യസ്തരെ അപമാനിക്കാള്ള നീക്കമാണ്. ഇത്തരം നീക്കങ്ങളെ കോണ്‍ഗ്രസ് ഒരിക്കലും അംഗീകരിക്കുന്നില്ല. ഈ നീക്കങ്ങളൊക്കെ സമൂഹത്തില്‍ തമ്മിലടിപ്പിക്കാനും മതങ്ങളെ ഇകഴ്ത്തിക്കാണിക്കാനുമുള്ള നീക്കമാണ്. ഇത്തരം നാടകങ്ങളും, സിനിമകളും അവതരിപ്പിക്കുന്നവര്‍ സ്വയം പുറകോട്ട് പോകണം. ഇതിനെയെല്ലാം ഉപയോഗിച്ച് പ്രധാനമന്ത്രി സ്ഥാനം പോലും വിസ്മരിച്ചു കൊണ്ട് നരേന്ദ്ര മോദി വിഭജനത്തിന്റെയും വര്‍ഗീയ ചേരിതിരിവിനും ശ്രമിക്കുന്നത് അപലപനീയമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കർണാടക മലയാളി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി കോഓഡിനേറ്റർ ഡി.കെ. ബ്രിജേഷ് , ബി.എസ്. ഷിജു, ബെന്നി ഡേവിഡ്, മോണ്ടി മാത്യു, നന്ദകുമാർ കൂടത്തിൽ, രാജീവൻ കളരിക്കൽ, യദു കളവംപാറ, ക്രിസ്റ്റി ഫെർണാണ്ടസ്, ഷാജു, ആസിഫ് സുബിൻ, ജോസഫ്, റോയി എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.