ബംഗളൂരു: നമ്മ മെട്രോയുടെ കെ.ആർ പുരം-ബൈയപ്പനഹള്ളി, ചല്ലഘട്ട-കെങ്കേരി പാതകളിൽ ആഗസ്റ്റ് അവസാനത്തോടെ മെട്രോ ഓട്ടം തുടങ്ങുമെന്ന് പ്രതീക്ഷ. ഈ പാതകളിൽ റെയിൽവേ സുരക്ഷ കമീഷണറുടെ പരിശോധന അടുത്തയാഴ്ച ആരംഭിക്കും. ഇരു പാതകളിലും പരീക്ഷണയോട്ടം തുടങ്ങിയിരുന്നു. സുരക്ഷ കമീഷണറുടെ അനുമതി ലഭിക്കുന്നതോടെ ആഗസ്റ്റ് അവസാനത്തോടെ പൊതുജനങ്ങൾക്കായി സർവിസ് നടത്താനുള്ള ഒരുക്കം അവസാനഘട്ടത്തിലാണ്. 2.5 കിലോമീറ്ററാണ് കെ.ആർ പുരം-ബൈയപ്പനഹള്ളി പാതക്ക്. ഇതിൽ ബെന്നിഗനഹള്ളി സ്റ്റേഷനും 1.5 കിലോമീറ്റർ വരുന്ന കെങ്കേരി-ചല്ലഘട്ട പാതയിൽ ചല്ലഘട്ട സ്റ്റേഷനും മാത്രമാണ് പ്രവർത്തനസജ്ജമാകാനുള്ളത്. രണ്ടു പാതകൾകൂടി തുറക്കുന്നതോടെ പർപ്പിൾ ലൈനിൽ 42.53 കി.മീറ്റർ ദൂരം 1.20 മണിക്കൂറിനുള്ളിൽ എത്താൻ സാധിക്കും. ഇത്രയും ദൂരം സഞ്ചരിക്കാൻ 60 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്.
കെ.ആർ പുരം-ബൈയപ്പനഹള്ളി പാതയിൽ റെയിൽവേ പാളത്തിന് മുകളിൽ നിർമിച്ച ബെന്നിഗനഹള്ളി പാലത്തിലൂടെയുള്ള പരീക്ഷണ ഓട്ടം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. ഇരുപാളങ്ങളിലൂടെയും ഒരേസമയം രണ്ട് ട്രെയിനുകൾ ഓടിച്ചായിരുന്നു പരീക്ഷണം. ഈ പാലം നിർമാണമാണ് ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷന് (ബി.എം.ആർ.സി) ഈ പാതയിലെ പ്രധാന പ്രതിസന്ധി സൃഷ്ടിച്ചത്.
ബംഗളൂരു-ചെന്നൈ റെയിൽപാതക്ക് മുകളിൽകൂടിയാണ് ഈ പാലം നിർമിച്ചത്.
ട്രെയിനുകൾ പോകുന്നതിന്റെ ഇടവേളകളിൽ മാത്രമാണ് പ്രവൃത്തികൾ നടത്താനായത്. 63.22 മീറ്റർ നീളം വരുന്ന പാലം നിർമാണം ഒരു വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്.
കെങ്കേരി-ചല്ലഘട്ട 1.5 കിലോമീറ്റർ പാതയിലും മെട്രോ പരീക്ഷണ ഓട്ടം പുരോഗമിക്കുന്നു. ബംഗളൂരു-മൈസൂരു ദേശീയപാതയോട് ചേർന്നുള്ള ചല്ലഘട്ട സ്റ്റേഷന്റെ നിർമാണ പ്രവൃത്തികളും അവസാനഘട്ടത്തിലാണ്. സിഗ്നലിങ് പ്രവൃത്തികളുടെ ഭാഗമായി തിങ്കളാഴ്ച വിജയനഗർ-കെങ്കേരി പാതയിൽ രാവിലെ അഞ്ചു മുതൽ ഏഴ് വരെ ട്രെയിൻ സർവിസ് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.