മംഗളൂരു: മംഗളൂരു വികസന അതോറിറ്റി (മുഡ) ഓഫിസിൽ ലോകായുക്ത റെയ്ഡ് നടത്തി. ബാഗിൽ സൂക്ഷിച്ച നിലയിലും ജീവനക്കാരുടെ കൈയിൽനിന്നും അനധികൃത പണം പിടിച്ചെടുത്തു. ഇടനിലക്കാർ മുഖേന വൻതോതിൽ കൈക്കൂലി വാങ്ങുന്നെന്ന പരാതിയെത്തുടർന്നാണ് ലോകായുക്ത എസ്.പി സി.എ. സൈമന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
വെള്ളിയാഴ്ച രാവിലെ മുതൽ അർധരാത്രി കഴിഞ്ഞും തുടർന്ന പരിശോധന 18 മണിക്കൂർ നീണ്ടതായി എസ്.പി പറഞ്ഞു. അനേകം ഫയലുകൾ അവഗണിച്ച നിലയിൽ മൂലയിൽ വെച്ചതായി കണ്ടെത്തി. കൈക്കൂലി നൽകാത്തവയാണ് ഇതെന്ന് അറിവായി.
പരിശോധന നടന്നുകൊണ്ടിരിക്കെ ആളുകൾ കൂട്ടത്തോടെ വന്ന് ജീവനക്കാരുടെ അഴിമതിയെക്കുറിച്ച് പരാതിപ്പെടുന്നുണ്ടായിരുന്നു. ബ്രോക്കർമാർ ഫോണിൽ വിളിച്ച് ഒ.കെ പറയുന്ന ഫയലുകളിൽ തീർപ്പ് കൽപിക്കുന്നതാണ് രീതിയെന്ന് മനസ്സിലാക്കാൻ കഴിഞ്ഞതായി എസ്.പി പറഞ്ഞു.
ഡിവൈ.എസ്.പിമാരായ ചലുവരാജു, ഡോ. ഗണ പി. കുമാർ, ഇൻസ്പെക്ടർമാരായ കെ. അമാനുല്ല, പി. സുരേഷ് കുമാർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.