ബംഗളൂരു: കൂടുതൽ ദീർഘദൂര സർവിസുകൾ നടത്താൻ കർണാടക ആർ.ടി.സി പുതിയ 48 ബസുകൾ കൂടി വാങ്ങും. 44 നോൺ എ.സി. സ്ലീപ്പറുകളും നാല് എ.സി. സ്ലീപ്പറുകളുമാണ് പുതുതായി നിരത്തിലിറക്കുക. ഇവ ബി.എസ്.ആർ വിഭാഗത്തിൽപെട്ടവയായിരിക്കും. ഇന്ധനക്ഷമത കൂടിയ ഈ ബസുകൾക്ക് മലിനീകരണം കുറവായിരിക്കും.
നേരത്തേ ദീർഘദൂര സർവിസിന് വൈദ്യുതി ബസുകൾ ഉപയോഗിക്കാനുള്ള പദ്ധതിയും ആവിഷ്കരിച്ചിരുന്നു. മാർച്ചോടെ 50 ഓളം വൈദ്യുതി ബസുകൾ നിരത്തിലെത്തിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഡീസൽ ബസുകളേക്കാൾ വൈദ്യുതിബസുകളാണ് ലാഭകരമെങ്കിലും അന്തർസംസ്ഥാന റൂട്ടുകളിൽ സർവിസ് നടത്തുന്നതിന് ഇത്തരം ബസുകൾക്ക് പരിമിതിയുണ്ട്.
നിലവിൽ ദീർഘദൂര ബസുകളാണ് കർണാടക ആർ.ടി.സിക്ക് കൂടുതൽ വരുമാനം നേടിക്കൊടുക്കുന്നത്. എന്നാൽ നാലുവർഷത്തോളം പുതിയ ബസുകൾ വാങ്ങാത്തത് സർവിസുകളെ ദോഷകരമായി ബാധിച്ചിരുന്നു. ഇതിനിടെ പഴക്കംചെന്ന ചില ബസുകൾ പിൻവലിക്കേണ്ടിവന്നതോടെയാണ് പുതിയ ബസുകൾ നിരത്തിലിറക്കാനുള്ള തീരുമാനം.
പുതിയ ബസുകൾ ലഭിച്ചതിന് ശേഷം ഇവ ഏതൊക്കെ റൂട്ടുകളിൽ സർവിസ് നടത്തണമെന്നകാര്യം തീരുമാനിക്കും. ഇതിനുള്ള ടെൻഡർ നടപടികൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു. നാലുവർഷത്തിനിടെയാണ് അന്തർസംസ്ഥാന സർവിസുകൾ ഉൾപ്പെടെയുള്ള ദീർഘദൂര സർവിസുകൾക്കായി കർണാടക ആർ.ടി.സി പുതിയ ബസുകൾ വാങ്ങുന്നത്. അതേസമയം, നഗരത്തിന് പുറത്തേക്ക് കൂടി സർവിസ് നടത്താനുള്ള നീക്കം ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ ( ബി.എം.ടി.സി.) ഉപേക്ഷിച്ചിട്ടുണ്ട്.
ചട്ടമനുസരിച്ച് ബി.ബി.എം.പി പരിധിയിൽ നിന്ന് പരമാവധി 25 കിലോമീറ്റർവരെ സർവിസ് നടത്താനുള്ള അനുമതിയേ ബി.എം.ടി.സി.ക്കുള്ളൂ. രാമനഗര, ചിക്കബെല്ലാപുര, കോലാർ എന്നിവിടങ്ങളിലേക്ക് ബംഗളൂരുവിൽനിന്ന് സർവിസ് നടത്താനായിരുന്നു പദ്ധതി. കർണാടക ആർ.ടി.സിയുടെ എതിർപ്പിനെത്തുടർന്നാണ് നടപടി. നഗരത്തിൽ മാത്രം സർവിസ് നടത്താൻ രൂപവത്കരിച്ച ബി.എം.ടി.സി മറ്റ് ജില്ലകളിലേക്ക് കൂടി സർവിസ് നടത്തുമ്പോൾ തങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്ന് കർണാടക ആർ.ടി.സി ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.