ബംഗളൂരു: 2024 കിലോമീറ്റർ നീളുന്ന ഇസാൻ സൈക്ലിങ് തായ്ലൻഡിൽ വിജയകരമായി പൂർത്തിയാക്കി മലയാളി താരം. മൈസൂരുവിലെ ആർ.ബി.ഐ കറൻസി പ്രസ് ജീവനക്കാരനും തൃശൂർ ആലപ്പാട് സ്വദേശിയുമായ സവീജാണ് ലോക സൈക്ലിങ്ങിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടത്. 202 മണിക്കൂറുകൾകൊണ്ട് പൂർത്തിയാക്കേണ്ട സൈക്ലിങ് യാത്ര 176 മണിക്കൂറുകൾ മാത്രമെടുത്താണ് സിവീജ് ഫിനിഷ് ചെയ്തത്.
ഈ വർഷം ഫെബ്രുവരി 24ന് ആരംഭിച്ച യാത്ര മാർച്ച് രണ്ടുവരെ നീണ്ടു. ശാരീരിക മാനസിക ശക്തികളുടെ പൂർണതയോടെ മാത്രമേ ഇസാൻ 2024 പോലെയുള്ള സൈക്ലിങ് മത്സരങ്ങൾ പൂർത്തിയാക്കാൻ കഴിയുകയുള്ളൂ. സൈക്ലിങ്ങിൽ ലോക ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുന്ന ഓഡസ് ക്ലബ് ഇസാനാണ് ഇസാൻ 2024ന്റെ സംഘാടകർ.
2024 കിലോമീറ്റർ നീളുന്ന ഇസാൻ 2024ന്റെ പാത തായ്ലൻഡ്, കമ്പോഡിയ, ലാവോസ് എന്നീ രാജ്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതിൽ 800 കിലോമീറ്ററോളം മേക്കോങ് നദീതടത്തിലൂടെയാണ് യാത്ര. ഉയരം കൂടിയ കുന്നുകളും നദീതടങ്ങളും മരുഭൂമിയും കുത്തനെയുള്ള ഇറക്കങ്ങളും ചേർന്ന് ഈ യാത്ര വെല്ലുവിളികൾ നിറഞ്ഞതാക്കിയിരുന്നു.
കൂടിയ ചൂടും ശക്തമായ മഴയും യാത്രയെ പല സ്ഥലത്തും തടസ്സപ്പെടുത്തി. മാനസികവും ശാരീരികവുമായ വെല്ലുവിളികളും തരണം ചെയ്താണ് ഈ യാത്ര സവീജ് പൂർത്തിയാക്കിയത്. സൈക്ലിങ്ങിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന പാരീസ് ബ്രസ്റ്റ് പാരീസ് സൈക്ലിങ് സവീജ് പൂർത്തിയാക്കിയിട്ടുണ്ട്. അർപ്പണബോധവും ചിട്ടയായ പരിശീലനവും ഷാനി സിവീജും മക്കളായ അർജുൻ, ആർച്ച എന്നിവരടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയും കൊണ്ടാണ് സവീജ് യാത്ര വിജയകരമായി പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.