മംഗളൂരു: കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി.എസ് പാർട്ടികളുടെ നേതാക്കൾ, മക്കൾ, മരുമക്കൾ, പേരക്കുട്ടികൾ കർണാടക ലോക്സഭ പോർനിലങ്ങളിൽ ജനവിധി തേടുമ്പോൾ കേരള പി.സി.സി സെക്രട്ടറിയായ മംഗളൂരു ബാറിലെ മുതിർന്ന അഭിഭാഷകൻ വേറിട്ട സാന്നിധ്യം. കോൺഗ്രസ്, കമ്യൂണിസ്റ്റ് എം.പിമാരെ അച്ഛൻ എന്ന് വിളിക്കാനുള്ള അപൂർവ സൗഭാഗ്യം സ്വന്തമായിട്ടും അഡ്വ. ഐ. സുബ്ബയ്യ റൈ കേരളത്തിലോ കർണാടകയിലോ സ്ഥാനാർഥിയല്ല.
എ.ഐ.സി അംഗവും അവിഭക്ത കണ്ണൂർ, കാസർകോട് ഡി.സി.സി പ്രസിഡന്റുമായിരുന്ന മുൻ എം.പി ഐ. രാമറൈയുടെ മകനായ ഇദ്ദേഹം മൂന്നുതവണ കാസർകോട് എം.പിയും സി.പി.എം കേരള സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന അഡ്വ.എം. രാമണ്ണയുടെ മരുമകനുമാണ്.
2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലം സ്ഥാനാർഥിത്വം കപ്പിനും ചുണ്ടിനുമിടയിൽനിന്ന് കൊല്ലത്തുകാരി ഷാഹിദ കമാൽ തട്ടിയെടുത്ത അനുഭവം ‘മാധ്യമ’വുമായി പങ്കിടുമ്പോൾ സുബ്ബയ്യയുടെ പുഞ്ചിരി കൂടുതൽ വിരിഞ്ഞതേയുള്ളൂ. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലും താനറിയാതെ തന്റെ പേര് അന്തരീക്ഷത്തിൽ ഉണ്ടായിരുന്നു. ഹൈകമാൻഡ് തീരുമാനിച്ച ടി. സിദ്ദീഖും രാജ്മോഹൻ ഉണ്ണിത്താനും കാസർകോട് മണ്ഡലത്തിൽ മത്സരിച്ചപ്പോൾ അവർക്കായി ഉത്സാഹിച്ചു. 1984ൽ പിതാവ് നേടിയ വിജയം കഴിഞ്ഞതവണ ഉണ്ണിത്താൻ ആവർത്തിച്ചപ്പോൾ ഏറെ സന്തോഷിച്ചു. വീണ്ടും ജനവിധി തേടുന്ന ഉണ്ണിത്താന്റെ പ്രചാരണ സ്റ്റിയറിങ് കമ്മിറ്റിയിൽ അംഗമാണ് സുബ്ബയ്യ റൈ.
ദക്ഷിണ കന്നട ജില്ലയിൽനിന്ന് ബി. രമാനാഥ റൈ കർണാടക മന്ത്രിയും നടപ്പ് സഭയിൽ അശോക് കുമാർ റൈ എം.എൽ.എയും റൈ വിഭാഗ പൈതൃക അടയാളമായതൊന്നും ഇദ്ദേഹത്തെ ഒട്ടും അലട്ടുന്നില്ല. പിതാവ് ഐ. രാമറൈ കർണാടക പി.സി.സി നിർവാഹക സമിതിയിലും അംഗമായിരുന്നു. സുബ്ബയ്യ കർണാടകയിൽ പാർട്ടി അംഗത്വം എടുത്തിട്ടില്ല. വക്കീൽ കോട്ട് മംഗളൂരു കദ്രിയിലെ വീട്ടിൽ അഴിച്ചുവെച്ചാണ് റൈ കർണാടക അതിർത്തി കടക്കുക. കാസർകോട് ജില്ലയിൽ കുമ്പള ബന്തിയോട് ഇച്ചിലങ്കോട് തറവാട്ടിൽ എത്തിയാൽ അണിയുന്ന വെളുത്ത കുപ്പായം കർഷകന്റേതാണ്. തന്റെ പൈതൃക സ്വത്ത് ഇവിടെയും ഭാര്യയുടെ സ്വത്ത് മുള്ളേരിയയിലുമുണ്ട്. കൃഷികാര്യങ്ങൾ കഴിഞ്ഞാൽ കോൺഗ്രസ് രാഷ്ട്രീയം; അതാണ് കേരളത്തിൽ റൈ.
2010 ഡിസംബറിൽ എൺപതാം വയസ്സിലാണ് രാമറൈ നിര്യാതനായത്. 1984ൽ കാസർകോട് മണ്ഡലത്തിൽ സി.പി.എമ്മിലെ ഇ. ബാലാനന്ദനെ പരാജയപ്പെടുത്തി എം.പിയായ രാമറൈയുടെ മറ്റു മത്സരങ്ങൾ സി.പി.എമ്മിന്റെ എം. രാമണ്ണ റൈയും തമ്മിലായിരുന്നു. രാമണ്ണ റൈ 1980,''89, '91 എന്നിങ്ങനെ മൂന്നുതവണ എം.പിയാവുകയും സുബ്ബയ്യ റൈയും രാമണ്ണ റൈയുടെ മകൾ പുഷ്പലതയും തമ്മിൽ വിവാഹിതരാവുകയും ചെയ്തതോടെയാണ് റൈമാർ തമ്മിലുള്ള പോരിന് വിരാമമായത്. 1989 നവംബർ 11ലെ തെരഞ്ഞെടുപ്പിലാണ് റൈമാർ തമ്മിൽ ഒടുവിൽ മത്സരിച്ചത്. റാമണ്ണറൈ 3,58,723 വോട്ടുകൾ നേടി വിജയിക്കുകയും രാമറൈക്ക് 3,57,177 വോട്ടുകൾ നേടാനാവുകയും ചെയ്ത ആ തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് പരാജിതൻ ഹൈകോടതി കയറുകയും ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ച് 1990 ജൂലൈ 13ന് തെരഞ്ഞെടുപ്പ് ഹരജി തള്ളുകയും ചെയ്തിരുന്നു. 2009 ഒക്ടോബറിലാണ് എഴുപത്തി ഒമ്പതാം വയസ്സിൽ രാമണ്ണ റൈ നിര്യാതനായത്. ഉമ്മൻ ചാണ്ടി സർക്കാർ ഭരണത്തിൽ തുളു അക്കാദമി ചെയർമാനായിരുന്നു സുബ്ബയ്യ റൈ. കമ്യൂണിസ്റ്റ്, കോൺഗ്രസ് ചിന്താധാരകൾ കുടുംബത്തിൽ വിഷയമല്ലെന്ന് റൈ പറഞ്ഞു.
ആർക്ക് വോട്ട് ചെയ്യണമെന്ന് ഭാര്യയെ നിർബന്ധിക്കാറില്ല. യു.ഡി.എഫ് സ്ഥാനാർഥിക്കുള്ള വോട്ടഭ്യർഥന പൊതുവായി നടത്തും. ഒപ്പം ജീവിതം ആരംഭിച്ചശേഷമാണ് ഭാര്യ നിയമപഠനം പൂർത്തിയാക്കിയത്. അവരുടെ പിതാവിനെപ്പോലെ ഭാര്യ അഭിഭാഷകയാണ്. മക്കൾ: സൃഷ്ടി, ശ്രാവൺ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.