കർണാടകയിൽ വിദ്യാഭ്യാസ മേഖലയിലും വൻ അഴിമതി; പ്രധാനമന്ത്രിക്ക് കത്തെഴുതി സ്കൂൾ നടത്തിപ്പുകാർ

ബംഗളൂരു: സംസ്ഥാന സർക്കാറിന്‍റെ അഴിമതി ഭരണത്തിനെതിരെ കരാറുകാർ കടുത്ത വിമർശനം ഉന്നയിച്ചതിന് പിറകെ വിദ്യാഭ്യാസ മേഖലയിലുള്ളവരും സമാന പരാതിയുമായി രംഗത്ത്. 13,000 സ്കൂളുകളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന രണ്ട് അസോസിയേഷനുകളാണ്, വിദ്യാഭ്യാസ മേഖലയിലും ബൊമ്മൈ സർക്കാറിൽ വൻ അഴിമതിയാണ് നടക്കുന്നതെന്ന് ആരോപിച്ചത്.

ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അസോസിയേഷൻ കത്തയച്ചു. ദ അസോസിയേറ്റഡ് മാനേജ്മെന്‍റ്സ് ഓഫ് പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾസ്, ദ രജിസ്റ്റേർഡ് അൺ എയ്ഡഡ് പ്രൈവറ്റ് സ്കൂൾസ് മാനേജ്മെന്‍റ് അസോസിയേഷൻ എന്നിവയാണ് പരാതി നൽകിയിരിക്കുന്നത്. സ്ഥാപനങ്ങളുടെ അംഗീകാരത്തിനായി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ കൈക്കൂലി ചോദിക്കുന്നുവെന്നതടക്കമുള്ള പരാതിയാണ് ഉന്നയിക്കുന്നത്.

ഇക്കാര്യത്തിൽ പ്രധാനമന്ത്രി അടിയന്തര നടപടി സ്വീകരിക്കണമെന്നും അസോസിയേഷനുകൾ ആവശ്യപ്പെടുന്നുണ്ട്. അൺ എയ്ഡഡ്-സ്വകാര്യ സ്കൂൾ മേഖലയിലാണ് അഴിമതി വ്യാപകം. ഈ മേഖലയിൽ അശാസ്ത്രീയവും വിവേചനപരവുമായ നടപടികളാണ് വകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇക്കാര്യത്തിൽ നിരവധി തവണ വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷിന് പരാതി നൽകിയിരുന്നുവെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും കത്തിൽ പറയുന്നു.

ഈ സാഹചര്യത്തിൽ മന്ത്രി രാജിവെക്കണം. വിദ്യാഭ്യാസ വകുപ്പ് പരാതി കേൾക്കാൻ പോലുമുള്ള ക്ഷമ കാണിക്കുന്നില്ല. ബി.ജെ.പി മന്ത്രിമാർ വിദ്യാഭ്യാസ രംഗത്തിന്‍റെ അവസ്ഥ കൂടുതൽ ദയനീയമാക്കി മാറ്റി. ഇക്കാരണത്താൽ സ്കൂളുകൾ ഫീസിനത്തിലും മറ്റും കൂടുതൽ പണം ഈടാക്കാൻ നിർബന്ധിക്കപ്പെടുന്നു. ഇത് രക്ഷിതാക്കൾക്കും കുട്ടികൾക്കും അമിത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്നും കത്തിൽ പറയുന്നു.

അടുത്ത അധ്യയന വർഷം ഉടൻതന്നെ തുടങ്ങാനിരിക്കുകയാണെങ്കിലും ഇതുവരെ സ്കൂളുകളിൽ പാഠപുസ്തകങ്ങൾ എത്തിച്ചിട്ടില്ല. പൊതു-സ്വകാര്യ വിദ്യാലയങ്ങളുടെ നടത്തിപ്പിനും മറ്റുമുള്ള വ്യവസ്ഥകൾ ലളിതമാക്കാനും അഴിമതിമുക്തമാക്കാനുമുള്ള ഒരു നടപടിയും വിദ്യാഭ്യാസ മന്ത്രി കൈക്കൊള്ളുന്നില്ല. നടപടികൾ ലഘൂകരിച്ചാൽതന്നെ രക്ഷിതാക്കൾക്കും കുട്ടികൾക്കും കൂടുതൽ ഭാരം കൊടുക്കാതെതന്നെ സ്കൂളുകൾ മികച്ച രീതിയിൽ പ്രവർത്തിപ്പിക്കാൻ കഴിയും.

എന്നാൽ, ഇതിനുള്ള നടപടിയെടുക്കുന്ന കാര്യത്തിൽ മന്ത്രിക്ക് ആലോചനയേ ഇല്ല. ഈ സാഹചര്യത്തിൽ കർണാടകയിലെ വിദ്യാഭ്യാസ മേഖലയെ കുറിച്ച് അന്വേഷിക്കാൻ പ്രധാനമന്ത്രി തയാറാകണമെന്നും കത്തിലൂടെ അസോസിയേഷനുകൾ ആവശ്യപ്പെടുന്നുണ്ട്.

വിവിധ ബില്ലുകൾ പാസാകാനും മറ്റും മന്ത്രിമാർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർക്ക് സംസ്ഥാനത്ത് 40 ശതമാനം തുക കമീഷനായി നൽകേണ്ട അവസ്ഥയാണെന്ന് കഴിഞ്ഞ ദിവസമാണ് കരാറുകാരുടെ അസോസിയേഷൻ ആരോപണം ഉന്നയിച്ചത്. ഇതിലുള്ള വിവാദം സജീവമായിരിക്കേയാണ് വിദ്യാഭ്യാസ മേഖലയിലെ അഴിമതി സംബന്ധിച്ച സ്കൂൾ അസോസിയേഷനുകളുടെ പരാതിയും വന്നിരിക്കുന്നത്. 

Tags:    
News Summary - Massive corruption in the education sector in Karnataka; School administrators Wrote a letter to the Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.