ബംഗളൂരു: നമ്മ മെട്രോയുടെ നിർമാണത്തിലിരിക്കുന്ന തൂൺ തകർന്നുവീണ് അമ്മയും മകനും മരിച്ച സംഭവത്തിൽ ഐ.ഐ.ടി ഹൈദരാബാദിലെ വിദഗ്ധസംഘത്തിന്റെ പഠനത്തിലും നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്ന് തെളിഞ്ഞു.
ബംഗളൂരു സിറ്റി പൊലീസിന്റെ ആവശ്യപ്രകാരമാണ് ഐ.ഐ.ടി സിവിൽ എൻജിനീയറിങ് പ്രഫസർമാരുടെ സംഘം അന്വേഷിച്ചത്. തൂൺ ബലപ്പെടുത്താനായി കുറുകെ നൽകുന്ന സാമഗ്രികൾക്ക് ബലമുണ്ടായിരുന്നില്ലെന്നും ഇതാണ് അപകടകാരണമെന്നുമാണ് റിപ്പോർട്ടിലുള്ളത്.
തൂണിന് താഴെനിന്നും മറ്റും പിന്തുണയും ബലവും നൽകുന്ന പ്രത്യേക ഇരുമ്പുചട്ടക്കൂട് വിവിധ വശങ്ങളിൽനിന്നുള്ളതാകണം. ബലപ്പെടുത്തുന്ന കമ്പികളുടെ കൂട്ടം കോൺക്രീറ്റിൽ ഉറക്കുന്ന ഭാഗം ദുർബലമായാണ് നിന്നത്. തൂണിനു ചുറ്റുമുള്ള ചട്ടക്കൂടും കുറുകെയുള്ള സാമഗ്രികളും ഇക്കാരണങ്ങളാൽ ദുർബലമായെന്നും ഇതിനാൽ മെട്രോ തൂൺ നിലം പതിച്ചുവെന്നുമാണ് റിപ്പോർട്ടിലുള്ളത്.
32 മില്ലിമീറ്റർ ഇരുമ്പുബാറുകൊണ്ടാണ് തൂണിന്റെ ചട്ടക്കൂട് നിർമിച്ചത്. ആകെ നാലു കൂട്ടം കേബിളുകളാണ് തൂണിന് മൊത്തമായി ഉപയോഗിച്ചത്. വശങ്ങളിലൂടെ തൂൺ ചരിയുന്നത് തടയാനാണ് ഈ കേബിൾ നൽകുന്നത്. മതിയായ കേബിളുകൾ ഉപയോഗിക്കാത്തതിനാൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴേക്കും തൂൺ തകരാൻ കാരണമാകും.
തൂൺ നിർമിക്കാനായി ഉപയോഗിച്ച സാമഗ്രികൾ മാനദണ്ഡപ്രകാരമുള്ളതല്ല. ഗുണമേന്മയിലും ചട്ടം പാലിച്ചില്ല. കുറുകെയുള്ള ബലപ്പെടുത്തൽ സാമഗ്രികൾ മതിയായ രൂപത്തിൽ അല്ലെങ്കിൽപോലും തൂൺ തകരും. തൂണിന്റെ ചട്ടക്കൂട് 15 മീറ്ററിലാണ് കൂട്ടിയോജിപ്പിച്ചത്.
തൂണിന്റെ ഉയരമാകട്ടെ 16.48 മീറ്ററാണ്. കുറുകെയുള്ള ബലപ്പെടുത്തൽ സാമഗ്രികളുടെ നിർമാണത്തിലും മാനദണ്ഡം പാലിച്ചില്ല. ഇതിനാൽ ഇരുമ്പുകൂട്ടങ്ങളിൽ ഒന്നിന് ബലക്ഷയം സംഭവിച്ചാൽപോലും തൂൺ മൊത്തം തകരുമായിരുന്നു.
ജനുവരി ഒമ്പതിന് നടന്ന അപകടത്തിൽ സോഫ്റ്റ്വെയർ എൻജിനീയറായ തേജസ്വിനി സുലേഖെ (28), ഇരട്ട മകൻ വിഹാൻ (മൂന്ന്) എന്നിവരാണ് മരിച്ചത്. ഭർത്താവിനും മറ്റു മൂന്നു പേർക്കും ഗുരുതര പരിക്കുമുണ്ടായിരുന്നു. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബം നാഗവര ഏരിയയിൽ കല്യാൺ നഗർ-എച്ച്.ആർ.ബി.ആർ ലേഔട്ട് റോഡിലാണ് അപകടത്തിൽപെട്ടത്.
തേജസ്വനിയുടെ കുടുംബത്തിന്റെ പരാതിയിൽ അപകടത്തിന് ഉത്തരവാദികളെന്നു കാണിച്ച് 15 പേർക്ക് പൊലീസ് നോട്ടീസ് അയച്ചിരുന്നു. ഉദ്യോഗസ്ഥർ, എൻജിനീയർമാർ, കരാറുകാരൻ എന്നിവർക്കെതിരെ അടിയന്തര നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പൊലീസിന്റെ എഫ്.ഐ.ആറിൽ നിർമാണ ഭീമന്മാരായ നാഗാർജുന കൺസ്ട്രക്ഷൻ കമ്പനി (എൻ.സി.സി) അടക്കം ഒമ്പതു പേരാണ് പ്രതികളായുള്ളത്. സംഭവത്തിൽ ജനുവരി 13ന് കർണാടക ഹൈകോടതി സ്വമേധയാ കേസെടുത്തിരുന്നു.
മെട്രോയുടെ സുരക്ഷാനടപടികൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ, ബി.എം.ആർ.സി.എൽ, ബൃഹത് ബംഗളൂരു മഹാനഗരപാലികെ (ബി.ബി.എം.പി), കരാറുകാർ എന്നിവർക്ക് നോട്ടീസും അയച്ചു. ചീഫ് ജസ്റ്റിസ് പി.ബി. വരാലെ, ജസ്റ്റിസ് അശോക് എസ്. കിനാഗി എന്നിവരടങ്ങിയ ബെഞ്ച് അപകടം ജനങ്ങളിൽ ആശങ്ക ഉയർത്തിയതായും നിരീക്ഷിച്ചിരുന്നു.
നേരത്തേ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബംഗളൂരുവിലെ (ഐ.ഐ.എസ്സി) വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ, ഐ.ഐ.ടി സംഘത്തിന്റെ പഠനംകൂടി നടക്കണമെന്ന് ബംഗളൂരു പൊലീസ് ആവശ്യപ്പെടുകയായിരുന്നു.
മെട്രോ തൂണുകളുടെ നിർമാണം സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നാണ് ഐ.ഐ.എസ്സി വിദഗ്ധരുടെ റിപ്പോർട്ടിലുള്ളത്. തൂണുകളുടെ നിർമാണത്തിന്റെ അളവുകളിലടക്കം ചട്ടലംഘനമുണ്ട്. ഉയരത്തിലുള്ള തൂൺ നിർമിതിക്ക് സംരക്ഷണം നൽകാനുള്ള പ്രത്യേക ആവരണത്തിന് മതിയായ ബലമുണ്ടായിരുന്നില്ല. ഇതാണ് അപകടകാരണം. മെട്രോയുടെ എല്ലാ തൂണുകൾക്കും സുരക്ഷാപരിശോധന നടത്തണമെന്നും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.