മംഗളൂരു: ഉഡുപ്പി മുൻ എം.എൽ.എയും ബി.ജെ.പി നേതാവുമായ കെ. രഘുപതി ഭട്ടിന്റെ ഭാര്യ പത്മപ്രിയ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ 15 വർഷങ്ങൾക്ക് ശേഷം കോടതി വിധി പറഞ്ഞു. കേസിലെ പ്രതി അതുൽ റാവു എന്ന ബി. അതുൽരാമക്ക് (37) പത്മപ്രിയയുടെ മരണത്തിൽ പങ്കുള്ളതായി തെളിയിക്കാൻ പ്രോസിക്യൂഷനായില്ല. വ്യാജരേഖകൾ ചമക്കൽ, ചതി എന്നീ കുറ്റങ്ങൾക്ക് വർഷം തടവും 5000 രൂപ പിഴയുമാണ് ഉഡുപ്പി അഡി. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ അഡി. സീനിയർ സിവിൽ ജഡ്ജ് പി.ആർ. യോഗേഷ് ശിക്ഷ വിധിച്ചത്.
2008 ജൂണിലാണ് പത്മപ്രിയ ഉത്തർപ്രദേശിലെ ദ്വാരകയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബസുഹൃത്തായ അതുൽ റാവുവിന് എതിരെ രഘുപതി ഭട്ടാണ് പരാതി നൽകിയത്. പ്രത്യേക അന്വേഷണസംഘം ഡിവൈ.എസ്.പി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ അതുൽ റാവു പത്മപ്രിയയെ തട്ടിക്കൊണ്ടുപോയതായി പറഞ്ഞിരുന്നു. എന്നാൽ, ഇത് തെളിയിക്കാനായില്ല. തെറ്റായ വിലാസം ചമച്ച് അതുൽ ദ്വാരകയിൽ ഫ്ലാറ്റ് ഉടമയുമായി വാടകക്കരാർ ഉണ്ടാക്കി. ആ ഫ്ലാറ്റ് വിലാസത്തിൽ ബാങ്ക് അക്കൗണ്ട് തുടങ്ങി. തന്റെ ഭാര്യ എസ്.പി. മീരയുടെ ഡ്രൈവിങ് ലൈസൻസിൽ പത്മപ്രിയയുടെ ഫോട്ടോ ചേർത്ത് നിർമിച്ച വ്യാജരേഖ ഉപയോഗിച്ച് 2008 ജൂൺ 11ന് അതുൽ അവരുമായി വിമാനത്തിൽ ഡൽഹിയിലേക്ക് പോയിരുന്നു. പിന്നീടാണ് ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.