ബംഗളൂരു: മാണ്ഡ്യയിലെ നാഗമംഗലയിൽ ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെയുണ്ടായ സംഘർഷത്തിൽ കൃത്യവിലോപത്തിനും ജോലിക്കിടെയുണ്ടായ അശ്രദ്ധക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനുകൂടെ സസ്പെൻഷൻ. നാഗമംഗല ടൗൺ ഡി.വൈ.എസ്.പി സുമീത് എ.ആറിനെയാണ് സർവിസിൽനിന്നും സസ്പെൻഡ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ പൊലീസ് ഉദ്യോഗസ്ഥനായ അശോക് കുമാറിനെ നിശ്ചയിച്ചിരുന്ന വഴിയിൽനിന്നും ജാഥയെ വഴിതിരിച്ചു വിട്ടതിന് സസ്പെൻഡ് ചെയ്തിരുന്നു. സംഘർഷത്തെത്തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച നാഗമംഗലയിലെ അന്തരീക്ഷം ഇപ്പോൾ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
എങ്കിലും കൂടുതൽ സുരക്ഷാസേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ബി.ജെ.പിയാണ് സംഘർഷങ്ങൾക്ക് ഉത്തേജനം നൽകുന്നതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു.
ബംഗളൂരു: വ്യാഴാഴ്ച ദാവൻകരെയിൽ നടന്ന ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെയുണ്ടായ കല്ലേറിനെത്തുടർന്ന് 30 പേരെ അറസ്റ്റ് ചെയ്തതായി കിഴക്കൻ മേഖല ഐ.ജി.പി ബി. രമേശ് പറഞ്ഞു. ഘോഷയാത്രയില്ലാത്ത സമയത്ത് ജനവാസ മേഖലയിൽ പ്രശ്നങ്ങളുണ്ടാക്കിയതിന് എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദാവൻഗരെ ടൗണിൽ അരളിമാര സർക്ക്ളിൽനിന്നും വെങ്കടേശ്വര സർക്ക്ളിലേക്ക് ഘോഷയാത്ര നീങ്ങുന്നതിനിടെയാണ് സംഘർഷമുണ്ടായത്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് പൊലീസ് ശക്തമായ സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുകയോ ക്രമസമാധാനത്തിന് ഭംഗം വരുത്തുകയോ ചെയ്ത് വർഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടിയെടുക്കുമെന്ന് ഐ.ജി.പി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.