ബംഗളൂരു: ശിവമൊഗ്ഗയിൽ ബി.ജെ.പി വിമത സ്ഥാനാർഥി കെ.എസ്. ഈശ്വരപ്പയുടെ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങളും. ഇതു സംബന്ധിച്ച് ബി.ജെ.പി സ്ഥാനാർഥിയും സിറ്റിങ് എം.പിയുമായ ബി.വൈ. രാഘവേന്ദ്രയും വിമത സ്ഥാനാർഥിയും മുൻ ഉപമുഖ്യമന്ത്രിയുമായ ഈശ്വരപ്പയും തമ്മിലുള്ള വാക് പോരും ചർച്ചയായി.
മോദിയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നതിനെതിരെ രാഘവേന്ദ്ര ഉയർത്തിയ വിമർശനത്തിന്, നരേന്ദ്ര മോദി തന്റെ പിതാവിന്റെ സ്വത്തല്ലെന്നായിരുന്നു ഈശ്വരപ്പയുടെ മറുപടി. മുൻമുഖ്യമന്ത്രിയും ബി.ജെ.പി കേന്ദ്ര പാർലമെന്ററി ബോർഡ് അംഗവുമായ ബി.എസ്. യദ്യൂരപ്പയാണ് രാഘവേന്ദ്രയുടെ പിതാവ്. ഹാവേരി മണ്ഡലത്തിൽ തന്റെ മകൻ കെ.ഇ. കാന്തേശിനെ സ്ഥാനാർഥിയാക്കാമെന്ന് ഉറപ്പു നൽകിയ യദ്യൂരപ്പ ചതിച്ചുവെന്ന് ആരോപിച്ചാണ് ഈശ്വരപ്പ റിബൽ സ്ഥാനാർഥിയായി രംഗത്ത് വന്നത്.
ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ട് തിരിച്ചെത്തിയ ശേഷമാണ് ഈശ്വരപ്പ മത്സരരംഗത്ത് ഉറച്ചു നിൽക്കുന്നത്.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭഗവാൻ രാമനും എന്റെ ഹൃദയത്തിലുണ്ട്. അമിത് ഷാ നിർദേശിച്ച പ്രകാരമാണ് താൻ ഡൽഹിയിൽ അദ്ദേഹത്തെ കാണാൻ പോയത്. കാണാൻ സൗകര്യം ഇല്ലെന്ന് ആഭ്യന്തര മന്ത്രിയുടെ ഓഫിസ് അറിയിച്ചു. അത് തനിക്ക് സ്വതന്ത്രനായി മത്സരിക്കാനുള്ള അവസരമായി കാണുന്നു. പാർട്ടിയുടെ മുതിർന്ന നേതാവ് ആവശ്യപ്പെട്ടാൽ ചെന്നു കാണാതിരിക്കുന്നതെങ്ങനെ? അതാണ് പോയത്.
കർണാടകയിൽ 28 ലോക്സഭ സീറ്റുകളിൽ ശിവമൊഗ്ഗ ഒഴികെ എല്ലായിടത്തും ബി.ജെ.പി സ്ഥാനാർഥികൾ ജയിക്കും. ശിവമൊഗ്ഗയിൽ താനാണ് ജയിക്കുക’ -ഈശ്വരപ്പ ആണയിടുന്നു. മോദി പടം ഉപയോഗം വാക്പോരിൽ ഒതുക്കാതെ ഈശ്വരപ്പ കോടതിയേയും സമീപിച്ചു. നരേന്ദ്ര മോദിയുടെ പടം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിൽനിന്ന് ബി.ജെ.പി നേതാക്കളെ വിലക്കണം എന്നാണ് ശിവമൊഗ്ഗ ജില്ല കോടതിയിൽ ഫയൽ ചെയ്ത ഹരജിയിലെ ആവശ്യം.
ബംഗളൂരു: ശിവമൊഗ്ഗയിൽ ബി.ജെ.പി വിമതനായി മത്സരിക്കുന്ന കെ.എസ്. ഈശ്വരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് കർണാടക പ്രതിപക്ഷ നേതാവ് ആർ. അശോക. മോദിയുടെ ചിത്രം അനധികൃതമായാണ് ഈശ്വരപ്പ ഉപയോഗിക്കുന്നതെന്ന് അശോക പറഞ്ഞു.
പ്രധാനമന്ത്രിയെന്ന നിലയിൽ സർക്കാർ പരിപാടികളിൽ മോദിയുടെ ചിത്രം ഉപയോഗിക്കാം. രാഷ്ട്രീയ പരിപാടികളിൽ ബി.ജെ.പിക്ക് മാത്രമേ മോദി ചിത്രം ഉപയോഗിക്കാൻ അനുവാദമുള്ളൂ. പാർട്ടിയുടെ നിയമകാര്യ വിഭാഗം ഇതുസംബന്ധിച്ച നടപടി സ്വീകരിക്കുമെന്നും അശോക വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.