ബംഗളൂരു: ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയിൽ ചേരാനുള്ള ജെ.ഡി.എസിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചുള്ള നേതാക്കളുടെ രാജി തുടരുന്നു. പാർട്ടിയിലെ ശക്തനായ നേതാവും തുമകുരു ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റുമായ എസ്. ഷാഫി അഹ്മദാണ് ബുധനാഴ്ച രാജിവെച്ചത്.
ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡക്കും നിയമസഭ കക്ഷി നേതാവ് കുമാരസ്വാമിക്കും അദ്ദേഹം വാട്സ്ആപ്പിൽ ഒറ്റവരി രാജിക്കത്ത് അയച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചാണ് അദ്ദേഹം ജെ.ഡി.എസിൽ ചേർന്നത്. എൻ.ഡി.എയിൽ ചേരാനുള്ള തീരുമാനം ദേശീയ നേതാക്കൾ എടുത്തതോടെ പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമാണ്. ഇതിനകം നിരവധി ന്യൂനപക്ഷ നേതാക്കൾ രാജിവെച്ചിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് സി.എം. ഇബ്രാഹിം ഇതുവരെ പാർട്ടി തീരുമാനം സംബന്ധിച്ച് പ്രസ്താവന നടത്തിയിട്ടില്ല. എന്നാൽ, അദ്ദേഹവും രാജിക്കൊരുങ്ങുകയാണെന്നാണ് സൂചനകൾ.
കഴിഞ്ഞ ദിവസം മുതിർന്ന നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ സയ്യിദ് ഷഫീഉല്ല പ്രാഥമികാംഗത്വം മുതൽ എല്ലാ ചുമതലകളും രാജിവെച്ചിരുന്നു. പാർട്ടി വക്താവായ യു.ടി. ഫർസാന അഷ്റഫും രാജി നൽകിയിരുന്നു. സംസ്ഥാന വർക്കിങ് പ്രസിഡന്റ് എൻ.എം. നബി, സംസ്ഥാന ന്യൂനപക്ഷ വിഭാഗം മുൻ പ്രസിഡന്റ് നസീർ ഹുസൈൻ, യുവജന വിഭാഗം വർക്കിങ് പ്രസിഡന്റ് എൻ.എം. നൂർ, മോഹിത് അൽതാഫ് എന്നിവരും രാജിക്കൊരുങ്ങുകയാണ്. ബി.ജെ.പി സഖ്യത്തിൽ ചേരുന്നതിലുള്ള എതിർപ്പ് ന്യൂനപക്ഷ വിഭാഗം നേതാക്കൾ നേരത്തേ ഉന്നയിച്ചിരുന്നെങ്കിലും അത് പരിഗണിക്കാതെ തീരുമാനമെടുക്കുകയായിരുന്നുവെന്നാണ് ആരോപണം. എന്നാൽ, ജെ.ഡി.എസ് മുസ്ലിം സമുദായത്തിനുവേണ്ടി നിരവധി കാര്യങ്ങൾ ചെയ്തുവെങ്കിലും അവർ തെരഞ്ഞെടുപ്പിൽ തിരിച്ചുസഹായിച്ചില്ലെന്ന് കുമാരസ്വാമി ആരോപിച്ചിരുന്നു.
രാജിവെച്ച മുസ്ലിം നേതാക്കൾ പാർട്ടിക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംഘ്പരിവാർ ഭീഷണി ചെറുക്കുന്ന കാര്യത്തിൽ ജെ.ഡി.എസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന തോന്നലിൽ മുസ്ലിം സമുദായം നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ കൈയൊഴിഞ്ഞിരുന്നു. ഇതോടെ തെരഞ്ഞെടുപ്പിൽ പാർട്ടി നിലംപരിശായിരുന്നു. 2018ൽ 37 എം.എൽ.എമാരുണ്ടായിരുന്ന ജെ.ഡി.എസ് 2023ൽ 19 സീറ്റിലേക്കും 13.3 ശതമാനം വോട്ടുവിഹിതത്തിലേക്കുമാണ് നിലംപതിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.