ബംഗളൂരു: വടക്കുകിഴക്കല്‍ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കര്‍ണാടകയില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ ഗതാഗതവകുപ്പിന്‍റെ നടപടി വരുന്നു. ഇത്തരം ബസുകളുടെ രജിസ്‌ട്രേഷന്‍ കര്‍ണാടകയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് ഉടമകള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കി. രജിസ്‌ട്രേഷന്‍ മാറ്റിയില്ലെങ്കില്‍ ബസുകള്‍ പിടിച്ചെടുക്കുന്നതുള്‍പ്പെടെ നടപടികള്‍ സ്വീകരിക്കും.
വരും ദിവസങ്ങളില്‍ ഇത്തരം ബസുകളില്‍ കര്‍ശന പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം.
ഇത്തരത്തിലുള്ള രജിസ്ട്രേഷനിൽ വാഹനങ്ങൾ ഓടുമ്പോൾ നികുതിയിനത്തിൽ കർണാടകക്ക് ഭീമമായ നഷ്ടമുണ്ടാകുന്നുവെന്നാണ് വകുപ്പ് അധികൃതർ പറയുന്നത്. അതേസമയം, കര്‍ണാടക സര്‍ക്കാര്‍ നികുതി കുറക്കാന്‍ തയാറാകണമെന്ന് ബസ് ഉടമകളുടെ സംഘടനയായ കര്‍ണാടക സ്‌റ്റേറ്റ് ട്രാവല്‍ ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു. രജിസ്‌ട്രേഷന്‍ മാറ്റാന്‍ അനുവദിക്കണമെന്ന ആവശ്യവും ഇവർ ഉന്നയിച്ചിട്ടുണ്ട്. പല ബസുകള്‍ക്കും ബാങ്ക് വായ്പയുള്ളതിനാല്‍ രജിസ്‌ട്രേഷന്‍ മാറ്റല്‍ അപ്രായോഗികമാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിനുള്ളിലും ബംഗളൂരുവില്‍നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും സര്‍വിസ് നടത്തുന്ന ദീര്‍ഘദൂര സ്വകാര്യ ബസുകളില്‍ വലിയൊരു വിഭാഗവും നാഗാലാന്‍ഡ്, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവയാണ്. ഇതോടെ നികുതിയിനത്തില്‍ വലിയ വരുമാനനഷ്ടമാണ് കര്‍ണാടകക്കുണ്ടാകുന്നത്.
കര്‍ണാടകയിലെ നികുതിയുടെ ആറിലൊന്നു മാത്രമേ ഇത്തരം സംസ്ഥാനങ്ങളില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അടക്കേണ്ടതുള്ളൂവെന്നതാണ് ഉടമകളെ ആകര്‍ഷിക്കുന്ന ഘടകം. ഏജന്‍റുമാര്‍ മുഖേനയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ നടക്കുന്നത്. നേരിട്ട് വാഹനം പരിശോധിക്കാതെ രജിസ്‌ട്രേഷന്‍ നല്‍കുമ്പോള്‍ ഇവ അപകടത്തില്‍പെട്ടാല്‍ ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനുള്‍പ്പെടെ ബുദ്ധിമുട്ട് നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.