ബംഗളൂരു: ഒഡിഷ ട്രെയിൻ ദുരന്തത്തെ തുടർന്ന് ബംഗളൂരുവിലെ എസ്.എം.വി.ടി റെയിൽവേ സ്റ്റേഷനിൽ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങി. അപകടത്തെ തുടർന്ന് പശ്ചിമ ബംഗാളിലെ ഹൗറയിലേക്കും സമീപപ്രദേശങ്ങളിലേക്കുമുള്ള ട്രെയിനുകൾ റദ്ദാക്കിയതോടെയാണ് ബംഗളൂരുവിൽ നിരവധിപേർ ശനിയാഴ്ച രാത്രിയിലടക്കം കുടുങ്ങിയത്.
ബംഗളൂരുവിൽ മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടടക്കമുള്ള പ്രതിസന്ധികൾ മുന്നിൽ കണ്ടും തൊഴിൽ ഇല്ലാതാകുന്ന സ്ഥിതിയും കണക്കിലെടുത്ത് നാട്ടിൽ പോകാനെത്തിയ അന്യസംസ്ഥാന തൊഴിലാളികളും കുടുംബങ്ങളുമാണ് വെട്ടിലായത്. ശനിയാഴ്ച രാവിലെ എട്ടുമുതൽ എത്തിയവർക്കുപോലും ഞായറാഴ്ച ട്രെയിൻ ഉണ്ടാകുമോ എന്ന കാര്യം പോലും അധികൃതരിൽ നിന്ന് അറിയാൻ കഴിഞ്ഞില്ല. തങ്ങൾക്ക് വിവരങ്ങൾ കിട്ടിയിട്ടില്ലെന്നാണ് റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിലുള്ളവർ പറഞ്ഞതെന്ന് ഝാർഖണ്ഡിൽ നിന്നുള്ള നിർമാണത്തൊഴിലാളികൾ ദുരിതം പങ്കുവെച്ചു. അപകടത്തെ തുടർന്ന് നിരവധി ട്രെയിനുകളാണ് റദ്ദാക്കിയത്.
അതേസമയം, ഒഡിഷ ദുരന്തത്തെ തുടർന്ന് നാട്ടിൽ പോകാനാകാതെ നഗരത്തിൽ കുടുങ്ങിക്കിടക്കുന്നവർക്ക് സഹായമെത്തിക്കാൻ മറ്റുള്ളവർ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ബി.ബി.എം.പി അധികൃതരോട് റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണം എത്തിക്കണമെന്ന് സിദ്ധരാമയ്യ ആവശ്യെപ്പട്ടിരുന്നു. അതേസമയം, സാമൂഹിക പ്രവർത്തകർ ഇത്തരത്തിലുള്ളവർക്ക് ഭക്ഷണവും വെള്ളവുമടക്കം എത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.